കൊച്ചി: കേരളത്തില്‍ വ്യവസായനിക്ഷേപത്തിന്‍റെ പാത എത്രമാത്രം സുഗമമാണെന്ന് വ്യക്തമാക്കി അസെന്‍ഡ് 2020 ലോക നിക്ഷേപക സംഗമത്തിലെ മൂന്നാം പ്ലീനറി സെഷന്‍. വ്യവസായ അനുമതികളെയും അനുബന്ധ സേവനങ്ങളെയും കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആത്മവിശ്വാസം പകരാനെത്തിയത് സംസ്ഥാനത്തെ വ്യവസായ പ്രോൽസാഹന ഏജൻസികളുടെ തലവന്മാർ ഈ രംഗത്തെ നൂതന പരിഷ്കരണ നടപടികൾ ഒന്നൊന്നായി അവതരിപ്പിച്ചപ്പോൾ മുൻനിര വ്യവസായികൾ അടങ്ങിയ സദസ് അവയിൽ പലതും കയ്യടിയോടെ അംഗീകരിച്ചു.
മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ വ്യവസായ പാർക്കുകൾ, അനുമതികൾക്കായി ഏകജാലക സംവിധാനം, അനായാസം ലഭിക്കുന്ന വായ്പകൾ തുടങ്ങി ഒരു സംരംഭം തുടങ്ങാൻ ഏറ്റവും മികച്ച സൗകര്യങ്ങളാണ് കേരളം ഒരുക്കിയിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ പറഞ്ഞു. സാമൂഹ്യം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുഭരണം, ഇന്നോവേഷൻ എന്നീ അഞ്ച് മേഖലകളിലെ മികവ് നിക്ഷേപകരെ കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ചെറുകിട വ്യവസായങ്ങളുടെ പറുദീസയായി മാറിയിരിക്കുകയാണെന്ന് വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് പറഞ്ഞു. വ്യവസായ അനുമതിയുള്ള ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്റെ പ്രവർത്തന രീതി അദ്ദേഹം വിശദീകരിച്ചു. കേരളത്തിൽ 1.31 ലക്ഷം ചെറുകിട യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇവ 10,535 കോടി രൂപയുടെ വ്യവസായ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. 8.64 ലക്ഷം തൊഴിലവസരങ്ങളും ചെറുകിട യൂണിറ്റുകൾ ഇവിടെ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പുതുതായി വരുന്ന വ്യവസായ പാർക്കുകളുടെ സവിശേഷതകൾ വിശദീകരിച്ച വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ബിജു, ഇവ നിക്ഷേപകർക്ക് വിപുലമായ സാധ്യതകളാണ് ഒരുക്കുന്നതെന്ന് പറഞ്ഞു. കോഴിക്കോട്ടെ കുറ്റ്യാടിയിലെ നാളികേരാധിഷ്ഠിത വ്യവസായ പാർക്ക്, തിരുവനന്തപുരത്ത് 75 ഏക്കറിലായി തുടങ്ങുന്ന ലൈഫ് സയൻസ് പാർക്ക് എന്നിവ എങ്ങനെയൊക്കെയാണ് സംരംഭകർക്ക് പ്രയോജനപ്രദമാകുക എന്നും അദ്ദേഹം വിശദീകരിച്ചു.
നവസംരംഭകരുടെ അപേക്ഷകൾക്ക് പ്രാരംഭ, അന്തിമ അനുമതി നൽകാൻ കെ.എസ്.ഐ.ഡി.സി സ്വീകരിക്കുന്ന നടപടികൾ മാനേജിംഗ് ഡയറക്ടർ എം.ജി രാജമാണിക്യം വിശദീകരിച്ചു. കിൻഫ്രയിലെ 24 പാർക്കുകളിലൂടെ 700 വ്യവസായ സ്ഥാപനങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് പറഞ്ഞു. ഇതിലൂടെ 1750 കോടി രൂപയുടെ വ്യവസായ നിക്ഷേപമാണ് സംസ്ഥാനത്ത് എത്തിയത്. കിൻഫ്രയുടെ കൈവശം വ്യവസായം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ 7000 ഏക്കർ ലാന്റ് ബാങ്കാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.