അതിജീവനത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് കൈത്താങ്ങു തേടിയാണ് ചവറ പട്ടത്താനം സ്വദേശി കൃഷ്ണകുമാര്‍ ജില്ലാ കളക്ടര്‍ക്കു മുന്നിലെത്തിയത്. മൂന്നു പതിറ്റാണ്ടിലേറെയായി കിടക്കയിലും വീല്‍ ചെയറിലുമായി കഴിയുന്ന ഈ യുവാവ് തന്നെപ്പോലുള്ളവര്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകളാണ് കളക്ടറോടു വിവരിച്ചത്. എല്ലാം കേട്ട കളക്ടര്‍ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് പൊതു ഇടങ്ങളിലും റാമ്പുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാമെന്ന് കൃഷ്ണകുമാറിനും സംഘത്തിനും ഉറപ്പു നല്‍കി.
പേശികള്‍ക്ക് ബലക്ഷയം(മസ്‌കുലര്‍ ഡിസ്‌ട്രോപി) ബാധിച്ചവരുടെ കൂട്ടായ്മയായ മൈന്‍ഡിന്റെ ട്രസ്റ്റ് അംഗവും കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്ററാണ് കൃഷ്ണകുമാര്‍. സംസ്ഥാനത്ത് ഇതേ അവസ്ഥയിലുള്ള 300ലധികം പേര്‍ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ ഭാഗമാണ്. പരിവര്‍ത്തന പാഠ്യപരിപാടികള്‍, നൈപുണ്യ പരിശീലനം, വിനോദപരിപാടികള്‍ തുടങ്ങിയവയിലൂടെ ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് സംഘടന ലക്ഷ്യമിടുന്നത്.
കൊല്ലം ഫാത്തിമ കോളേജിലെ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളും ജില്ലയില്‍ മൈന്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നു. കൊല്ലം ജില്ലയിലെ ഭൂരിഭാഗം പൊതു സ്ഥലങ്ങളിലും വീല്‍ ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് മൈന്‍ഡ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. റാംപുകള്‍, വീതികൂടിയ വാതിലുകള്‍ തുടങ്ങിയവയുടെ അഭാവമാണ് ഇതിന് തടസമാകുന്നത്. ഇതില്‍ ഏതാനും പൊതു സ്ഥലങ്ങളുടെ ചിത്രങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ റാമ്പുകളും മറ്റും ഒരുക്കേണ്ട ജില്ലയിലെ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് വിശദമായ പഠനം നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു.
മൈന്‍ഡ് കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ രാഹുല്‍ കൃഷ്ണന്‍ ആര്‍. സായി നാഥ്, ഫാത്തിമ കോളേജ് യൂണിയന്‍ ഭാരവാഹികളായ ഇമ്മാനുവല്‍ ബോബി, പ്രിയങ്ക പ്രതാപ് എന്നിവരും കൃഷ്ണകുമാറിനൊപ്പമുണ്ടായിരുന്നു .