വഴിയോര കച്ചവടത്തിന് ഭക്ഷസുരക്ഷാ മാനദണ്ഡം നിര്‍ബന്ധമാക്കാന്‍ ജില്ലാ ഭക്ഷ്യോപദേശക സമിതിയോഗത്തില്‍ നിര്‍ദേശം. എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനമനുസരിച്ച് വഴിയോരക്കച്ചവട സ്ഥലങ്ങളിലും ബേക്കറികള്‍, മത്സ്യവ്യാപാര കേന്ദ്രങ്ങള്‍, ഇറച്ചിക്കടകള്‍ എന്നിവടങ്ങളിലും പരിശോധന നടത്താന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി.
ക്രിസ്മസ് പുതുവത്സര പരിശോധനയുടെ ഭാഗമായി 299 ഭക്ഷ്യസംരംഭക കേന്ദ്രങ്ങളില്‍ നിന്ന് പിഴയിനത്തില്‍ 2,83,000 രൂപ ഈടാക്കിയിട്ടുണ്ട്. 2017 ഒക്‌ടോബര്‍വരെ വിവിധ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 8,52,800 രൂപ പിഴ ഇടാക്കി. പരിശോധനകള്‍ പുതിയ നിര്‍ദേശപ്രകാരം വിപുലീകരിക്കും.
റേഷന്‍ വിതരണം കുറ്റമറ്റതാക്കാനായി താലൂക്ക്തല സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിവരുന്നു. രണ്ടായിരത്തിലേറെ കടകളില്‍ ക്രമക്കേട് കണ്ടെത്തിയ എട്ട് കടകളുടെ ലൈസന്‍സ് റദ്ദാക്കി. ഓപ്പണ്‍ മാര്‍ക്കറ്റുകളിലും പാചകവാതക വിതരണകേന്ദ്രങ്ങളിലും റെയ്ഡുകള്‍ നടത്തി. സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ കൂടുതല്‍ സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനമുണ്ട്.
റേഷന്‍ സാധനങ്ങളുടെ അളവ്, തൂക്കം എന്നിവയിലെ കൃത്യത ഉറപ്പാക്കുക, മോശമായ പാചകവാതക സിലിണ്ടറുകള്‍ മാറ്റുന്നതിന് കമ്പനികള്‍ക്ക് കത്തു നല്‍കുക, ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന ജ്വലറികളിലും തുണിക്കടകളിലും നടത്തുക, ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ബോര്‍ഡ് ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി.
വിവിധ വകുപ്പുകളുടെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥര്‍, വ്യാപാരി സംഘടനകളുടെയും രാഷ്ട്രീയകക്ഷികളുടെയും ഉപഭോക്തൃസംഘടനകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.