ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടു നിര്‍മിച്ച് നല്‍കിയ ഗുണഭോക്താക്കള്‍ക്കായി നടത്തിയ ബ്ലോക്ക്തല കുടുംബ സംഗമവും അദാലത്തും പി.ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഭൂമി ഇല്ലാത്തവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും ലൈഫ് മിഷന്‍ പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തതിന്റെ പൂര്‍ത്തീകരണമാണ് രണ്ടു ലക്ഷം വീടുകളുടെ നിര്‍മ്മാണത്തിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ചു നല്‍കുന്നതിനു പുറമെ ഗുണഭോക്താക്കളുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം കൂടി സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നതിന്റെ ഭാഗമായാണ് കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചത്.
അദാലത്തിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു. റേഷന്‍ കാര്‍ഡ് തിരുത്തല്‍, ആധാര്‍ പുതുക്കല്‍, ആധാര്‍ വിവരങ്ങളില്‍ മാറ്റം വരുത്തല്‍, വൈദ്യുതി, വെള്ളം, ഗ്യാസ്, പട്ടയം തുടങ്ങി വിവിധ അപേക്ഷകള്‍ സ്വീകരിക്കല്‍, ചികിത്സ, തൊഴില്‍ കാര്‍ഡ് വിതരണം, ഗുണഭോക്താക്കള്‍ക്ക് 30 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ഉറപ്പു വരുത്തല്‍ തുടങ്ങി 18 സര്‍ക്കാര്‍ സേവനങ്ങളാണ് ശ്രീകൃഷ്ണപുരം ബ്ലോക്ക് തല അദാലത്ത് വഴി ലഭ്യമാക്കിയത്.
ശ്രീകൃഷ്ണപുരം സംഗീതശില്പം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. സംസ്ഥാനത്ത് ലൈഫ് പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ വീട് നിര്‍മ്മാണം നൂറു ശതമാനം പൂര്‍ത്തീകരിച്ച നാലു ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്താണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ബ്ലോക്കിനു കീഴില്‍ രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 444 ഗുണഭോക്താക്കളില്‍ 320 പേരുടെയും പി.എം.എ.വൈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 306 പേരില്‍ 273 പേരുടെയും വീട് പണി പൂര്‍ത്തീകരിച്ചു. എഴുനൂറോളം കുടുംബങ്ങളാണ് ബ്ലോക്ക് തല കുടുംബ സംഗമത്തില്‍ പങ്കെടുത്തത്. ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കും പദ്ധതി നിര്‍വ്വഹണത്തിന് നേതൃത്വം നല്‍കിയ വി.ഇ.ഒ മാര്‍ക്കും ചടങ്ങില്‍ പി.ഉണ്ണി എം. എല്‍. എ. പുരസ്‌കാരങ്ങള്‍ കൈമാറി. പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷാജു ശങ്കര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.