വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ലൈഫ് മിഷന്‍ വഹിക്കുന്ന പങ്ക് വലുത്;

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും കെ വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  സാധാരണക്കാരന്റെ വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വീട് ലഭിക്കുന്നതിനാവശ്യമായ പ്രധാന രേഖകളായ പട്ടയം, റേഷന്‍ കാര്‍ഡ് എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഈ വര്‍ഷം തന്നെ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പുതിയ കാര്‍ഡ് അനുവദിക്കുമെന്നും എം.എല്‍.എ പറഞ്ഞു. പാലക്കാട് ബ്ലോക്കില്‍ 836 വീടുകളാണ് പൂര്‍ത്തിയാക്കിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദു അധ്യക്ഷയായി.
പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയതിനുള്ള പുരസ്‌കാരം മുണ്ടൂര്‍ പഞ്ചായത്ത് ഏറ്റുവാങ്ങി.  കൂടാതെ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴു പഞ്ചായത്തുകളിലെ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാരെയും അനുമോദിച്ചു.

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കുടുംബ സംഗമവും അദാലത്തും കെ വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തിയ അദാലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ തീര്‍ക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ സ്റ്റാളുകളും സജ്ജമാക്കിയിരുന്നു. റവന്യൂ, പട്ടികജാതി, പട്ടികവര്‍ഗം, സിവില്‍ സപ്ലൈസ്, ഐ.ടി, ആരോഗ്യം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകള്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാനും സംശയനിവാരണത്തിനും പൊതുജനങ്ങള്‍ക്ക് സഹായകമായി. പറളി പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി കിഷോര്‍കുമാര്‍, മുണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം കെ കുട്ടികൃഷ്ണന്‍, കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി ലത, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.