കോലഞ്ചേരി: പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം വർദ്ധിപ്പിച്ച് വിവിധ പദ്ധതികൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുവാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആയിരം കോടി രൂപ ഗ്രാമീണ റോഡുകൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ റോഡ് പദ്ധതി എന്ന പേരിൽ അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തോടെ എല്ലാ ഗ്രാമീണ റോഡുകളുടെയും അറ്റകുറ്റപ്പണികൾ തീർക്കും. പൂത്തൃക്ക ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 24 വീടുകളുടെ താക്കോല്‍ദാനവും പ്ലാസ്റ്റിക് ഷ്രെഡ്ഢിംഗ് യൂണിറ്റ് ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ഓരോ വര്‍ഷവും 25 വനിതകള്‍ക്ക് തയ്യല്‍ പരിശീലനവും അതോടൊപ്പം തുണി സഞ്ചി നിര്‍മ്മാണവും നടത്തുന്നതിനുള്ള തയ്യല്‍ യൂണിറ്റിന്റെ ഉദ്ഘാടനം വി.പി സജീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ അയ്യപ്പന്‍കുട്ടി, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍, ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗം എന്‍.എന്‍ രാജന്‍, ബ്‌ളോക്ക് പഞ്ചായത്തംഗം അനിബെന്‍ കുന്നത്ത്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ നീമ ജിജോ, സാലി ബേബി, പഞ്ചായത്തംഗങ്ങളായ എന്‍.എം കുര്യാക്കോസ്, ജോൺ ജോസഫ്, ഷൈബി ബെന്നി, രാജമ്മ രാജന്‍, ഡോളി സാജു, എ. സുഭാഷ്, ഗീത ശശി, പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.