കാക്കനാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു യോഗം. 2015 ലെ വോട്ടർ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിന് മാനദണ്ഡമാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം പുനപരിശോധിക്കണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. എന്നാൽ അതിന്റെ പ്രായോഗീക ബുദ്ധിമുട്ടുകൾ ഡപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ആർ.രേണു യോഗത്തിൽ വിശദീകരിച്ചു. തദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കരട് വോട്ടർ പട്ടിക ഈ മാസം 20 ന് പ്രസിദ്ധീകരിക്കും. ഇത് സംബന്ധിച്ച ആക്ഷേപങ്ങളും പേര് ചേർക്കുന്നതിനുള്ള പുതിയ അപേക്ഷകളും ഫെബ്രുവരി 14 വരെ നൽകാം. ഇക്കാര്യങ്ങളിലുള്ള ഹിയറിംഗ് ഫെബ്രുവരി 25ന് പൂർത്തിയാക്കും. 28 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലൂടെ എല്ലാ നടപടികളും ഒൺലൈനാ യാണ് ചെയ്യേണ്ടത്. എ.ഡി.എം. കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.