പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയ സംസ്ഥാനമാണ് നമ്മുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.വി.ദക്ഷിണാമൂര്‍ത്തി സ്മാരക ബ്ലോക്ക് സമര്‍പ്പണവും അറുപതാം വാര്‍ഷികാഘോഷ ഉദ്ഘാടനവും സമ്പൂര്‍ണ ഹൈടെക് വിദ്യാലയ പ്രഖ്യാപനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് തലത്തില്‍ മികവു പുലര്‍ത്താനായി. വിദ്യാര്‍ത്ഥികളുടെ വിവിധ തരത്തിലുള്ളപ്രത്യേകതകള്‍ വളര്‍ത്തിയെടുക്കാനായി. കുട്ടികള്‍ക്ക് ഡിജിറ്റല്‍ രംഗത്ത് നേട്ടമുണ്ടാക്കാനും പുതിയ കഴിവുകള്‍ നേടിയെടുക്കാനും കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പലവിധ ചുറ്റുപാടുകളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് ശ്രദ്ധയും പരിചരണവും കിട്ടുന്നുണ്ട്. മറ്റു ചിലര്‍ക്ക് ശ്രദ്ധയും പരിചരണവും കിട്ടുന്നില്ല. അവിടെ അധ്യാപകര്‍ നല്ല രീതിയില്‍ ഇടപെട്ടതുകൊണ്ട് നല്ല നിലവാരം പുലര്‍ത്താനായി. അധ്യാപകര്‍ സ്‌പെഷല്‍ ക്ലാസ് നടത്തുന്നതും ഗൃഹസന്ദര്‍ശനം നടത്തുന്നതും മാതൃകാപരമായ കാര്യമാണ്. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മികവ് നേടാനായി. അതോടൊപ്പം മറ്റു കാര്യങ്ങളിലും മികവു പുലര്‍ത്താനായി. വിദ്യാര്‍ത്ഥികള്‍ ചെടികള്‍ വച്ചുപിടിപ്പിക്കുക, കൃഷിയിലേക്കു പ്രവേശിക്കുക മുതലായവ മാതൃകപരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിക്കുമ്പോള്‍ തന്നെ നല്ലതുപോലെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇടപെടുന്നവരുണ്ടായി. അധ്യാപക-രക്ഷാകര്‍തൃസമിതിയും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇക്കാര്യത്തില്‍ വലിയ സഹായവും ഇടപെടലും നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും ജനപ്രതിനിധികളും നാട്ടുകരും നല്ല നിലയില്‍ ഇടപെട്ടതുകൊണ്ട് കുറവുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ സംസ്ഥാന ഗവണ്‍മെന്റ് 1957 ല്‍ രൂപം കൊണ്ടതിനെ തുടര്‍ന്ന് 1959ല്‍ തന്നെ വടക്കുമ്പാട് സ്‌കൂളിന്റെ തറക്കല്ലിടല്‍ ഇ.എം.എസ് നിര്‍വ്വഹിച്ചു. ഈ സ്‌കൂളില്‍ ദീര്‍ഘകാലം പഠിപ്പിച്ച അധ്യാപകനും രാഷ്ട്രീയ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും പ്രഭാഷകനുമായ വി.വി ദക്ഷിണാ മൂര്‍ത്തി മാഷിന്റെ പേര് സ്‌കൂള്‍ കെട്ടിടത്തിനിട്ടത് ഔചിത്യപൂര്‍വ്വമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ലീല മുഖ്യമന്ത്രിയ്ക്ക് ഉപഹാരം നല്‍കി.എസ് പി സി യൂണിറ്റിനുള്ള ഉപഹാരവും കാര്‍ഷിക ക്ലബ്ബിനുള്ള വി.വി.ദക്ഷിണാമൂര്‍ത്തി ഓര്‍മ മരവും മുഖ്യമന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.

യോഗത്തില്‍ തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നന്മയ്ക്കും വികസനത്തിനും എല്ലാവരും ഒന്നിച്ചു നില്ക്കണം. ഇന്നത്തെ നമ്മുടെ സാമൂഹിക ജീവിതത്തിന് അതതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഎല്‍ സി സി പ്രസിഡണ്ട് രമേശന്‍ പാലേരിക്കും എഞ്ചിനീയര്‍മാര്‍ക്കും കെ.മുരളീധരന്‍ എം.പി. ഉപഹാരം നല്‍കി. മുന്‍ എം.എല്‍എമാരായ എ.കെ.പത്മനാഭന്‍ മാസ്റ്റര്‍, കെ.കുഞ്ഞമ്മത് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി സതി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുജാത മനയ്ക്കല്‍, ജില്ലാ പഞ്ചായത്തംഗം എ.കെ.ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കിഴക്കയില്‍ ബാലന്‍, ഗ്രാമ പഞ്ചയത്ത് വൈസ് പ്രസിഡണ്ട് മൂസ കോത്തമ്പ്ര, ഗ്രാമ പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി.കെ.സുമതി, ഗ്രാമ പഞ്ചായത്തംഗം എന്‍.പി.വിജയന്‍ ,വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി മിനി ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്റ്റാഫ് സെക്രട്ടറി, സ്‌കൂള്‍ ലീഡര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ ആര്‍.ബി.കവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മാനേജര്‍ കെ.വി.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ.എം.അബ്ദുള്ള നന്ദിയും പറഞ്ഞു.യോഗത്തിന്‍ മുന്നോടിയായി സ്‌കൂളിലെ ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് പ്രസിദ്ധീകരിച്ച വടക്കുമ്പാട് എക്‌സ്പ്രസ് മാഗസീന്‍ തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പു മന്ത്രി പ്രകാശനം ചെയ്തു.
മൂന്നു നിലകളിലായി 24 ക്ലാസ് മുറികളുണ്ട് വിവി ദക്ഷിണാമൂര്‍ത്തി സ്മാരക ഹൈടെക് ബ്ലോക്കിന്.