കൊച്ചി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിൽ ജനകീയമായി വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ. മറ്റ് കുടുംബ സംഗമങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രദർശനങ്ങളും വിപ്പനയുമെല്ലാമായാണ് സ്റ്റാളുകൾ പ്രവർത്തിച്ചത്.

ബാൻടൺ കേബിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വാൾമാക്സ് പെയിന്റ്സ്, സെറ ബാത്ത് റൂം വെയർ എന്നീ കമ്പനി ഉത്പന്നങ്ങളുടെ സ്റ്റാളുകളാണ് കൂടുതൽ ശ്രദ്ധേയമായത്. ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കായി ഇവരുടെ ഉത്പന്നങ്ങൾ പതിനഞ്ച് ശതമാനം മുതൽ പകുതിയിലധികം വരെ ഡിസ്കൗണ്ടോടെയാണ് ഇവർ നൽകുന്നത്. ഈ കമ്പനികളുടെ ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിൽ ലൈഫിന്റെ കാർഡുമായി ചെന്നാൽ ഇവ വിലക്കുറവിൽ ലഭിക്കും.

പച്ചക്കറി തൈകൾ, വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ എന്നിവയുടെ പ്രദർശനവും വിപണനവുമാണ് കൃഷി വകുപ്പിന്റെ സ്റ്റാളിൽ കണ്ടത്. ഏറ്റവും കൂടുതൽ ആളുകൾ സംശയ നിവാരണത്തിനായും പുതിയ പദ്ധതികൾ അറിയുന്നതിനുമായി എത്തിയതും ഇവിടെത്തന്നെ. ലൈഫ് ഗുണഭോക്താക്കളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യസം, മികച്ച തൊഴിൽ എന്നിവ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് അസാപ്പിന്റെ സ്റ്റാൾ പ്രവർത്തിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബ സംഗമ വേദിയിൽ അസാപ് എത്തുന്നത്. മികച്ച കോളേജുകൾ, മറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയുടെ വിവരങ്ങൾ അടങ്ങിയ ലഘുലേഖകൾ ഇവർ സൗജന്യമായി വിതരണം ചെയ്തു.

ആരോഗ്യ വകുപ്പിന്റെ സ്റ്റാളിന് മുന്നിൽ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ലൈഫ് ഗുണഭോക്താക്കൾക്ക് സൗജന്യമായി പ്രമേഹം, പ്രഷർ എന്നിവ നോക്കാനുള്ള സൗകര്യം ബ്ലോക്ക് പഞ്ചായത്ത് ഒരുക്കി. കൂടുതൽ ചികിത്സയ്ക്കായി ആശുപത്രികൾ റഫർ ചെയ്യുകയും ചെയ്തു.

വിവിധ തരം അലങ്കാര മത്സ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും മത്സ്യഫെഡിന്റെ സ്റ്റാളിൽ നടന്നു. ഗപ്പി, ഗോൾഡ് ഫിഷ് തുടങ്ങിയവ മിതമായ നിരക്കിലാണ് ഗുണഭോക്താക്കൾക്ക് നൽകിയത്. കുടുംബശ്രീ, അക്ഷയ തുടങ്ങിയ സ്റ്റാളുകളും വിവിധ സേവനങ്ങൾ നൽകി. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയിലെ തെറ്റുകൾ തിരുത്താൻ അവസരമൊരുക്കി.

കൗതുകമായി ഓട്ടൻതുള്ളൽ

സംഗമത്തിൽ കൗതുകമായി എക്സൈസ് വകുപ്പിന്റെ ഓട്ടൻതുള്ളൽ. പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓട്ടൻ തുള്ളൽ അവതരിപ്പിച്ചത് കൊച്ചി റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ജയരാജ് വി ആണ്. ലഹരി സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും ഹാസ്യ രൂപേണ ഇതിൽ അവതരിപ്പിച്ചു.