കാക്കനാട്: ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ജില്ലാതല പൂർത്തീകരണ പ്രഖ്യാപനവും 23 ന് നടക്കും. രാവിലെ 10 ന് തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സംഗമം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അധ്യക്ഷത വഹിക്കും. സംഗമത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി 20 വകുപ്പുകളുടെ സ്റ്റാളുകളും പ്രവർത്തിക്കും. ജില്ലാതല സംഗമത്തിന് മുന്നോടിയായി കോർപ്പറേഷൻ – നഗരസഭാ – ബ്ലോക്ക് തലങ്ങളിൽ നടക്കുന്ന കുടുംബ സംഗമങ്ങൾ അവസാന ഘട്ടത്തിലാണ്. ലൈഫ് മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ 4733 വീടുകളാണ് നിർമ്മാണം പൂർത്തീകരിച്ചത്.
