കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ ദ്ധതിയുടെ പ്രവർത്തന പുരോഗതി ജില്ലാ കളക്ടർ വിലയിരുത്തി. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച വിവേകാനന്ദ തോട്, പനമ്പിള്ളി ഡി വിഷനിലെ ഡ്രെയിനേജ്, പൊന്നുരുന്നി ഡിവിഷനിലെ പാരഡൈസ് റോഡ്, കാരണക്കോടം തോട് എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തിയത്. നോഡൽ ഓഫീസർ എസ്.ഷാജഹാൻ, ബ്രേക്ക് ത്രൂ കൺവീനർ എച്ച്.ടൈറ്റസ് എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും കളക്ടറോടൊപ്പമുണ്ടായി.

ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ ദ്ധതിയുടെ ഭാഗമായി ആകെ 202 പ്രവർത്തികളാണുള്ളത്. 36 പ്രവർത്തികളാണ് ആരംഭിച്ചത്. കാനകളും തോടുകളും വൃത്തിയാക്കുക, വീതി കൂട്ടുക, പുതിയത് നിർമ്മിക്കുക, അറ്റകുറ്റപണികൾ നടത്തുക എന്നിവയാണ് പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്നത്. നിലവിൽ ആരംഭിച്ച പ്രവർത്തികൾ അവസാനിക്കുന്ന മുറയ്ക്ക് പുതിയ പ്രവർത്തികൾ ആരംഭിക്കും. പൊതുജനങ്ങളും ജന പ്രതിനിധികളും നിർദ്ദേശിച്ച പദ്ധതിയിലുൾപെടാത്ത പ്രവർത്തികൾ മുൻഗണനാടിസ്ഥാനത്തിൽ ചെയ്യാൻ കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മുഴുവൻ പ്രവർത്തികളും മാർച്ച് 31 നകം പൂർത്തിയാകുമെന്ന് കളക്ടർ എസ്.സുഹാസ് പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കൂട്ടായ പ്രവർത്തനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.