കൊച്ചി: നിറഞ്ഞ പുഞ്ചിരിയുള്ള മുഖവുമായാണ് പറവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എല്ലാവരും എത്തിയത്. ജീവിതത്തിൽ വീടെന്ന സ്വപ്നം നേടിയെടുത്തവർ. ദു:ഖങ്ങളെല്ലാം മറന്ന് കുടുംബ സംഗമത്തിനെത്തിയപ്പോൾ അവരെ വരവേറ്റത് ഒരു കൂട്ടം നാടൻപാട്ട് കലാകാരൻമാർ. പാട്ടിനൊപ്പം ആടിയും കൂടെപ്പാടിയും ഗുണഭോക്താക്കളും അവരോടൊപ്പം ചേർന്നു. അങ്ങനെ ലൈഫ് മിഷന്റെ കുടുംബ സംഗമം ഒരു സ്നേഹ സംഗമമായി മാറി.

തുടർച്ചയായി രണ്ട് വർഷങ്ങളിലും ഉണ്ടായ പ്രളയം പറവൂർ മേഖലയെ പിടിച്ചു കുലുക്കിയെങ്കിലും ജനപ്രതിനിധികളുടേയും നിർവ്വഹണ ഉദ്യോഗസ്ഥരുടേയും നിശ്ചയദാർഢ്യത്തിൽ പുഴയൊഴുകിയ സ്ഥലങ്ങളിലെല്ലാം പുത്തൻവീടുകൾ ഉയർന്നു. അതോടൊപ്പം കുറേ ജീവിതങ്ങളും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 899 വീടുകളാണ് പൂർത്തിയാക്കിയത്.

കുടുംബ സംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഇതേ പ്രവർത്തനം തുടർന്നും നടത്തിയാൽ ബ്ലോക്ക് പരിധിയിലെ എല്ലാ ഭൂരഹിത ഭവന രഹിതർക്കും വീടൊരുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭിമാനത്തോടെ ഭൂമിയിൽ ജീവിക്കുക എന്ന ആശയമാണ് ലൈഫ് പദ്ധതിയിലൂടെ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി ചേന്ദമംഗലം പഞ്ചായത്തിലെ ഗുണഭോക്താവായ ശോഭ തിലകന്റെ വീടിന്റെ താക്കോൽദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച പഞ്ചായത്തുകളെയും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരേയും ചടങ്ങിൽ അനുമോദിച്ചു. ഹൗസിംഗ് ഓഫീസർ എം. സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു.

പറവൂർ നഗരസഭ ചെയർമാൻ ഡി.രാജ് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത പ്രതാപൻ, അഡ്വ. ടി.ജി അനൂപ്, എ.ഐ നിഷാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, മറ്റ് അംഗങ്ങളായ രശ്മി, ടി.ഡി സുധീർ, പി. ആർ സൈജൻ, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ ഏണസ്റ്റ് സി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി ശ്രീദേവി, ജോയിന്റ് ബി.ഡി.ഒ എം.എസ് വിജയ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.