സമ്മതിദായകരുടെ ദേശീയദിനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കമാൻഡോ പി വി മനേഷ് ശൗര്യചക്ര പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ വോട്ടും രാജ്യനന്മയ്ക്ക് വേണ്ടി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാത്തത് ഒളിച്ചോട്ടമാണ്. ഞങ്ങൾ ഇതിനൊന്നിനും തയ്യാറല്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർ വഴിതെറ്റുകയാണ്. ഇവരിൽ പലരും സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങൾ ഉളളടക്കം തിരിച്ചറിയാതെ ഫോർവേഡ് ചെയ്യുകയാണ്. മതേതരത്വവും വ്യക്തിസ്വാതന്ത്ര്യവും ഇത്രയധികമുളള മറ്റൊരു രാജ്യമില്ല. അതുകൊണ്ട് ഓരോ പൗരനും ഭാരതീയനായതിൽ അഭിമാനിക്കാം. സമൂഹം ശിഥിലമാകുമ്പോഴാണ് വർഗീയതയും ഫാസിസവും കടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ എല്ലാവരും സദാപ്രവർത്തനനിരതമാകണം. സൈനികർ നിസ്വാർത്ഥമായാണ് രാജ്യനന്മയ്ക്ക് വേണ്ടിയും സുരക്ഷയ്ക്ക് വേണ്ടിയും വീരമൃത്യു വരിക്കാൻ തയ്യാറാവുന്നത്. ധീരജവാന്മാരുടെ കുടുംബത്തെ സമൂഹം കൈവിടരുത്. യുവത്വം ട്രെൻഡ് രാഷ്ട്രീയത്തിന് പിന്നാലെയാണ്. അനുകരണമാണ് അത്. സിനിമകൾ കണ്ട് അനുകരിക്കുകയാണവർ. പ്രതിലോമകരമാണത്. എല്ലാ പൗരന്മാരെയും ബഹുമാനിക്കുന്ന ദിവസമാണ് വോട്ടെടുപ്പ് ദിനം. രാജ്യത്തിന്റെ പുരോഗതിക്ക് ശക്തി പകരാൻ എല്ലാവരും സമ്മതിദാനം വിനിയോഗിക്കണം. വോട്ടവകാശത്തിന്റെ ശക്തി ഓർമ്മപ്പെടുത്തിയ മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷന്റെ സേവനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
എഡിഎം എൻ ദേവിദാസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പി വി മനേഷ് ദേശീയ വോട്ടേഴ്സ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടികളക്ടർമാരായ കെ രവികുമാർ, കെ ജയലക്ഷ്മി, പി അബ്ദുസമദ് എന്നിവർ സംസാരിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ കെ രമേന്ദ്രൻ സ്വാഗതവും ഹുസൂർ ശിരസ്തദാർ കെ എസ് പരീത് നന്ദിയും പറഞ്ഞു. 2000 ജനുവരി ഒന്നിന് ജനിച്ച രോഷ്നി, രോഹിത് എന്നീ ഇരട്ട സഹോദരങ്ങളെയും അഹമ്മദ് മൻസൂറിനെയും മില്ലേനിയം വോട്ടർമാരായി പ്രഖ്യാപിച്ച് മുഖ്യാതിഥി തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും പുരസ്‌കാരവും നൽകി ആദരിച്ചു. സമ്മതിദായകരുടെ ദേശീയദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല ക്വിസ്മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും മികച്ച ബൂത്ത്തല ഉദ്യോഗസ്ഥർ, കോളേജ് ക്യാമ്പസുകളിലെ ഇലക്ഷൻ അമ്പാസിഡർമാർ എന്നിവർക്ക് ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി. സിവിൽസ്റ്റേഷനിലെ ജീവനക്കാരും എൻ സി സി കേഡറ്റുകളും സമ്മതിദായകരും ചടങ്ങിൽ സംബന്ധിച്ചു. സകലർക്കും പ്രാപ്യമായ തെരഞ്ഞെടുപ്പെന്നതാണ് സമ്മതിദായകരുടെ ദേശീയദിനത്തിലെ സന്ദേശം.