കുട്ടികളോട് ചൂരല്‍പ്രയോഗം വേണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാന്‍

കോട്ടയം: കുറുപ്പന്തറയില്‍ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് നേരിട്ട് തെളിവെടുപ്പു നടത്തി. കമ്മീഷന്‍ അംഗങ്ങളായ സിസ്റ്റര്‍ ബിജി ജോസ്, ഡോ.എം.പി. ആന്‍റണി എന്നിവരോടൊപ്പം കുട്ടിയുടെ വീട്ടിലെത്തിയ അദ്ദേഹം കുട്ടിയുടെ അമ്മ, അതേ സ്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന സഹോദരി, എന്നിവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

കുട്ടിയുടെ കാലിലും ദേഹത്തുമുള്ള അടിയുടെ പാടുകള്‍ പരിശോധിച്ചു. അമ്മ നല്‍കിയ പരാതിയില്‍ ഐ.പി.സി 324, ജ്യൂവനൈല്‍ ജസ്റ്റീസ് ആക്ട്- 82  എന്നിവ പ്രകാരം അധ്യാപികയ്ക്കെതിരെ കേസെടുത്തതായും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും കടുത്തുരുത്തി സബ് ഇന്‍സ്പെക്ടര്‍ ബി. ജയകുമാര്‍ കമ്മീഷനെ അറിയിച്ചു.

തുടര്‍ന്ന് മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ കമ്മീഷന്‍ സ്കൂള്‍ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ ഷിജി മോള്‍ അഗസ്റ്റിന്‍, കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ പരിശോധിച്ച ഡോ. പ്രേംഗീത് ഋഷികേശ്,  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. സൗദാമിനി, കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനു ജോര്‍ജ്ജ്, 12-ാം വാര്‍ഡ് അംഗം മഞ്ജു അജിത്ത്, സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് ജയ്മോന്‍ വര്‍ഗീസ് എന്നിവരില്‍നിന്ന്  മൊഴിയെടുത്തു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടു സമര്‍പ്പിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന്‍റെ ജീവിത സാഹചര്യം, വീടിന്‍റെ ശോചനീയാവസ്ഥ എന്നിവയെക്കുറിച്ച് കമ്മീഷന്‍ പഞ്ചായത്ത് പ്രസിഡന്‍റിനോട് ആരാഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ്  ലൈഫ് പദ്ധതിയില്‍ ഈ കുടുംബത്തെ ഉള്‍പ്പെടുത്താതിരുന്നതെന്നും വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്നും പ്രസിഡന്‍റ് കമ്മീഷന് ഉറപ്പുനല്‍കി.

പഞ്ചായത്തു തല ബാലാവകാശ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നു വിലയിരുത്തിയ കമ്മീഷന്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റിനും  ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കും നിര്‍ദേശം നല്‍കി. സ്കൂളിലെത്തി മറ്റ് അധ്യാപകരില്‍നിന്നും കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചു.
വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമമനുസരിച്ച് അച്ചടക്കത്തിനുവേണ്ടി കുട്ടികളെ ശാരീരികമായും മാനസികമായും ശിക്ഷിക്കാന്‍ അധ്യാപകര്‍ക്ക് അവകാശമില്ലെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു.

കുട്ടികളെ അടിച്ച് പഠിപ്പിക്കുകയല്ല അധ്യാപകരുടെ ജോലി. സ്കൂള്‍ ക്ലാസ് മുറികളില്‍ ചൂരല്‍ നിരോധിച്ചിട്ടുള്ളതാണെങ്കിലും കുട്ടികളെ മര്‍ദ്ദിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം അധ്യാപകരെ സര്‍വ്വീസില്‍ നിലനിര്‍ത്താന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കമ്മീഷന്‍ പി.ആര്‍.ഒ ആര്‍. വേണുഗോപാല്‍ , ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എസ്. മല്ലിക എന്നിവരും കമ്മീഷനൊപ്പമുണ്ടായിരുന്നു.