കോട്ടയം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍. ചങ്ങനാശേരി എസ്.ബി. കോളേജ് വിദ്യാര്‍ഥിനി മെര്‍ലിന്‍ സൂസന്‍ മാത്യു സമര്‍പ്പിച്ച പരാതി പരിഗണിച്ച കമ്മീഷന്‍ കോട്ടയം, പത്തനംതിട്ട ആര്‍.ടി.ഒ മാര്‍ക്ക് തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.  ഇക്കാര്യം സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും കളക്ടറേറ്റില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു.
ബസ് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് മാത്രം കയറാന്‍ അനുവദിക്കുക, ഇരുന്നു യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കുക തുടങ്ങി ജീവനക്കാരുടെ വിവേചനപരമായ നടപടികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ഹോട്ടല്‍ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മതിയായ വേതനം ലഭിക്കുന്നില്ലെന്ന ഇ മെയില്‍ പരാതിയില്‍ നടപടി സ്വീകരിക്കാനും തീരുമാനമായി.  കമ്മീഷന്‍റെ നിര്‍ദേശപ്രകാരം ജില്ലാ ലേബര്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ഈ പരാതി വസ്തുതാപരമാണെന്ന് കണ്ടെത്തിയിരുന്നു.

അദാലത്തില്‍ പരിഗണിച്ച പത്ത് പരാതികളില്‍ ഏഴെണ്ണം തീര്‍പ്പാക്കി. മൂന്നു പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.  കമ്മീഷന്‍ അംഗം തുഷാര ചക്രവര്‍ത്തി, സെക്രട്ടറി ടി.കെ. ജയശ്രീ, സി.ഡി.മനോജ് എന്നിവരും പങ്കെടുത്തു.