കോട്ടയം: ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനമെടുത്തു.

ചൈനയില്‍നിന്നും കേരളത്തിലേക്ക് എത്തുന്നവരെക്കുറിച്ച് വിമാനത്താവളങ്ങളില്‍നിന്നും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഇവരെ നിരീക്ഷിക്കുന്നതിനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന നടത്തി തുടര്‍നിര്‍ദേശങ്ങള്‍ നല്‍കും. രോഗ ലക്ഷണങ്ങള്‍  ഇല്ലെങ്കില്‍  28 ദിവസം വരെ വീടുകളില്‍ കഴിയാന്‍ നിര്‍ദേശിക്കും.

കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. രോഗബാധയുള്ള മേഖലകളില്‍നിന്ന് എത്തുന്നവരില്‍ പനി, ജലദോഷം, ശ്വാസതടസ്സം എന്നിവ കണ്ടാല്‍ കോട്ടയം ജനറല്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ വിഭാഗത്തിലോ  റഫര്‍ ചെയ്തു തുടര്‍നിരീക്ഷണവും ചികിത്സയും നല്‍കും.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്നവര്‍ സംശയനിവാരണത്തിന് ആരോഗ്യ വകുപ്പിന്‍റെ ടെലി കൗണ്‍സിലിംഗ് നമ്പരിലോ(1096) ജില്ലാ മെഡിക്കല്‍ ഓഫീസിലോ(0481 2304110) ജില്ലാ സര്‍വൈലെന്‍സ് ഓഫീസറെയോ( 9495088514) ബന്ധപ്പെടണം.

എല്ലാ ആശുപത്രികളിലും അണുബാധ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ആശുപത്രി ജീവനക്കാര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപാധികള്‍ ഉറപ്പുവരുത്തും. മെഡിക്കല്‍ കോളേജ്, മറ്റു പ്രധാന ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകളും മറ്റു സംവിധാനങ്ങളും ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, കോട്ടയം മെഡിക്കല്‍ കോളേജ് സാംക്രമിക രോഗ വിഭാഗം മേധാവി ഡോ. ആര്‍. സജിത്ത് കുമാര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ. ശോഭ, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ശോഭ കുര്യന്‍, ജില്ലാ സര്‍വൈലെന്‍സ്  ഓഫീസര്‍ ഡോ.  കെ.ആര്‍. രാജന്‍, ഡെപ്യൂട്ടി ഡി.എം.ഓ മാരായ ഡോ. പി. എന്‍. വിദ്യാധരന്‍, ഡോ. ടി. അനിതകുമാരി, ആര്‍.സി.എച് ഓഫീസര്‍ ഡോ.  സി.ജെ. സിതാര, ഭാരതീയ ചികിത്സ വിഭാഗം ഡി. എം.ഒ ഡോ. ജയശ്രീ, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ട്വിങ്കിള്‍ പ്രഭാകരന്‍, ജില്ലാ എച് വണ്‍ എന്‍ വണ്‍  സെല്‍ മേധാവി ഡോ. സിന്ധു ജി. നായര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.