ആലപ്പുഴ: റെയില്‍വേയുടെയും ദേശീയ പാതാ വിഭാഗത്തിന്‍റെയും പണികള്‍ പൂര്‍ത്തീകരിച്ച് ഏപ്രില്‍ 30 ഓടെ ആലപ്പുുഴ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ദേശീയ പാതാ വിഭാഗം ചീഫ് എന്‍ജിനിയറുടെയും കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ബൈപ്പാസ് പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സത്തേണ്‍ റെയില്‍വേയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
ബൈപ്പാസിന്‍റെ ഒന്നാമത്തെ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്‍റെ ഗര്‍ഡറുകളുടെ കേമ്പറിന്‍റെ അളവുകള്‍ക്ക് റെയില്‍ വേ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ചീഫ് എന്‍ജിനിയര്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി റെയില്‍ ഗതാഗതം ബ്ലോക്ക് ചെയ്യുന്നതിന് റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനില്‍ കത്ത് നല്‍കി.
നേരത്തെ റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഓവര്‍ബ്രിഡ്ജിന്‍റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനായി പ്രസ്തുുത ഭാഗത്തെ റെയില്‍വേ ഗതാഗതം ജനുവരി 27 മുതല്‍ 30 വരെ ദിവസേന രണ്ടുമണിക്കൂര്‍ എന്ന നിലയില്‍ ബ്ലോക്ക് ചെയ്യുന്നതിന് റെയില്‍വേ അനുമതി ലഭ്യമായതായി മന്ത്രി പറഞ്ഞു. ജനുവരി 23നാണ് ഇതുസംബന്ധിച്ച കത്ത് ലഭിച്ചത്.
രണ്ടാമത്തെ ആര്‍.ഓ.ബിയുടെ രണ്ടുബോള്‍ട്ടില്‍ രണ്ടെണ്ണം ഫിറ്റ് ചെയ്തു.മൂന്ന് എണ്ണം കൂടി ശരിയാക്കി ഫിറ്റ് ചെയ്യേണ്ടതുണ്ട്. അത് സ്ഥാപിച്ച് കഴിഞ്ഞാല്‍ റെയില്‍വേ ചീഫ് എന്‍ജിനിയറുടെ പ്രതിനിധി വന്ന് പരിശോധിക്കും. അനുവാദം തന്നുകഴിഞ്ഞാല്‍ അത് സ്ഥാപിക്കാന്‍ സാധിക്കും. ഗര്‍ഡറുകള്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ രണ്ടുമാസം കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വേണ്ടിവരും. രണ്ടര മാസം ഇതിനെല്ലാമായി ഇനി വേണ്ടിവരുമെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എല്ലാം കൂടി കണക്കാക്കിയാല്‍ ഏപ്രില്‍ 30ന് മുമ്പ് രണ്ടു ഓവര്‍ബ്രിഡ്ജും പൂര്‍ണമായും സ്ഥാപിച്ചുകഴിയും. ഗര്‍ഡര്‍ സ്ഥാപിക്കാനായി 7 കോടി 13 ലക്ഷം രൂപ റെയില്‍വേക്ക് സംസ്ഥാന ഗവണ്‍മെന്‍റ് അടച്ചിട്ടുണ്ട്. ഒമ്പത് മാസം മുമ്പ് 2019 ഏപ്രില്‍ 11 നാണ് ഈ തുക റെയില്‍വേയ്ക്ക് അടച്ചത്. റെയില്‍ വേ ആവശ്യപ്പെട്ടപ്പോള്‍ തന്നെ പണം അടച്ചിട്ടുണ്ട്. മൂന്നുമാസം കഴിഞ്ഞാണ് റെയില്‍വേ പരിശോധനക്ക് എത്തിയത്. എന്ത് തിരുത്താണ് വരുത്തേണ്ടതെന്ന് റെയില്‍വേ അപ്പോഴും പറഞ്ഞിരുന്നില്ല. പിന്നീടാണ് പൊതുമരാമത്ത് മന്ത്രി നേരിട്ട് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് കത്ത് അയച്ചത്.
പിന്നീടാണ് ബോള്‍ട്ടുകളുടെ പ്രശ്നം പറയുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ എല്ലാം ഇപ്പോള്‍ നീങ്ങിയതായാണ് വിലയിരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികമായി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് രണ്ടരമാസവും അത് ഉണങ്ങി തയ്യാറാകുന്നതിന് നിശ്ചിത കാലയളവും വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. എല്ലാം കൂടി കണക്കാക്കിയാണ് പണി പൂര്‍ത്തീകരിക്കാനുള്ള അന്തിമ തീയതി ഏപ്രില്‍ 30 ആയി തീരുമാനിച്ചത്. റെയില്‍ഗതാഗതം ബ്ലോക്ക് ചെയ്യുന്നതിന് 88456 രൂപ ഗര്‍ഡര്‍ സ്ഥാപിക്കുന്ന രണ്ടു തവണയും റെയില്‍വേയ്ക്ക നല്‍കേണ്ടതുണ്ട്. ഇതും സര്‍ക്കാര്‍ അടച്ചിട്ടുണ്ട്.