ആലപ്പുഴ: ഗുരുപുരം ചിറയിൽ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന 75 വയസുകാരി ജെ രാജമ്മയെപ്പോലുള്ളവര്‍ക്ക് ഇനി സുരക്ഷിത ബോധത്തോടെ വീട്ടിൽ കഴിയാം. ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷയ്ക്കായി ജനമൈത്രി പോലീസ് തയ്യാറാക്കിയ ബെൽ ഓഫ് ഫെയ്ത്ത് പദ്ധതിയാണ് ഇവര്‍ക്ക് സുരക്ഷ ഒരുക്കുന്നത്. ആലപ്പുഴ റോട്ടറി ഹാളിൽ നടന്ന ജനമൈത്രിയുടെ സുരക്ഷാ പദ്ധതിയായ ഹോട്ട് ലൈൻ സിസ്റ്റം, ബെൽ ഓഫ്‌ ഫെയ്ത്ത് എന്നിവ പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ഉപകരണം മന്ത്രി രാജമ്മയ്ക്ക് കൈമാറി. ജന ജീവിതം സുരക്ഷിതവും ആത്മവിശ്വാസം നിറഞ്ഞതുമാകാൻ പദ്ധതി ഉപയോഗപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 16 വർഷങ്ങള്‍ക്ക് മുമ്പ് ഭർത്താവായ രാജപ്പൻ മരിച്ചതിനു ശേഷം മക്കളില്ലാത്ത രാജമ്മ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല പോലീസ് മേധാവി കെ എം ടോമി, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ എ എം നൗഫൽ, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് വിവേക് കുമാർ എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ അഡിഷണൽ പോലീസ് സൂപ്രണ്ട് ബി കൃഷ്ണകുമാർ, ബി എസ് എൻ എൽ ഡെപ്യൂട്ടി ജനറൽ മാനേജർ എസ് വേണുഗോപാൽ എന്നിവർ പദ്ധതി വിശദീകരിച്ചു.

ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിയില്‍ കീചെയ്ൻ വലിപ്പത്തിൽ കയ്യിൽ കൊണ്ട് നടക്കാൻ സാധിക്കുന്ന റിമോട്ടോടു കൂടിയ ഒരു ഉപകരണം വീട്ടിൽ ഘടിപ്പിച്ചു നൽകും. ആവശ്യസമയത്ത് റിമോട്ടിൽ ബട്ടൺ അമർത്തിയാൽ 100 മീറ്റർ പരിധിയിൽ കേൾക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ ശബ്‍ദം ഉണ്ടാകുകയും ഒരു പ്രാവശ്യം കൂടി ബട്ടൺ അമർത്തുമ്പോൾ ശബ്ദം നിർത്തുകയും ചെയ്യാം. ജനമൈത്രി പോലീസിന്റെ ഈ പദ്ധതിയിൽ രാജമ്മയെപ്പോലെ ജില്ലയിലെ നാലായിരത്തോളം വരുന്ന വയോജനങ്ങളാണ് സുരക്ഷിതരാകുന്നത്. ജനമൈത്രി പോലീസിന്റെ 2018-2019 പ്ലാൻ ഫണ്ടിൽ നിന്നുമാണ് ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളിൽ ബിഎസ്എൻഎൽ കസ്റ്റമർ ആയവർക്ക് ഹോട്ട്‌ലൈൻ സംവിധാനം ഏർപ്പെടുത്തുന്നതാണ് ഹോട്ട്‌ലൈൻ ഹെൽപ്പ് ലൈൻ പദ്ധതി. അടിയന്തര ഘട്ടത്തിൽ ലാൻഡ് ലൈൻ ഫോൺ റിസീവർ എടുത്ത് 15 സെക്കൻഡുകൾ ഉയർത്തി പിടിച്ചാൽ അടിയന്തരമായി സന്ദേശം ലാൻഡ് ലൈൻ ഫോൺ പരിധിയിലെ പോലീസ് സ്റ്റേഷനിലേക്ക് എത്തുന്ന സംവിധാനമാണിത്.ജില്ലയിലെ ആദ്യഘട്ടമെന്ന നിലയിൽ 509 വയോജനങ്ങളെ ഉൾപ്പെടുത്തി 398 ലാൻഡ് ലൈനുകളിൽ ഈ സംവിധാനം നിലവിൽ പ്രവർത്തനമാരംഭിച്ചു.