രാജ്യത്തിന്റെ മതേതരസ്വഭാവം കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും കാഴ്ച്ചപാടുകളും അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊളളാന്‍ ഏവര്‍ക്കും സാധിക്കണം. ഇന്നത്തെ കാലം അതാണ് നമ്മോട് ആവശ്യപ്പെടുന്നത്. മത, ജാതി, വര്‍ഗ്ഗ, സാമ്പത്തിക അടിസ്ഥാനത്തിലുള്ള വിഭജനങ്ങളോട് രാജ്യ മനസിന് പൊരുത്തപ്പെടാന്‍ സാധിക്കില്ല. ഭരണഘടനയുടെ മുഖ്യ സ്രോതസ് ജനത തന്നെയാണ്. വര്‍ത്തമാനകാലത്ത് രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ സംരക്ഷിക്കാന്‍ മറ്റെല്ലാം വിസ്മരിച്ചു കൊണ്ട് രംഗത്തിറങ്ങമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം തങ്കച്ചന്‍ ആന്റണി, വിവിധ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.