രാജഗോപാലന്റെയും മാലിംഗ മണിയാണിയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് സന്തോഷകരമായ പരിസമാപ്തി.

ഇരുവരും വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം.നിരവധി പട്ടയമേളകളില്‍ പട്ടയത്തിന് വേണ്ടി അപേക്ഷിച്ച ഇരുവര്‍ക്കും നിരാശയായിരുന്നു ഫലം. ഒടുവില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ സമയോചിതമായ ഇടപെടലിലൂടെ ഇവരുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ പട്ടയ വിതരണ മേളയില്‍ ഇവര്‍ മന്ത്രിയില്‍ നിന്ന് പട്ടയം സ്വീകരിച്ചു.

കുറ്റിക്കോല്‍ കുണ്ടുവളപ്പിലെ ടി രാജഗോപാലനും, എം മാലിംഗ മണിയാണിയും അയല്‍വാസികളാണ്.വര്‍ഷങ്ങളായി പട്ടയത്തിന് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങിയതും ഇരുവരും ഒരുമിച്ചാണ്.രാജഗോപാലന്റെ മാതാപിതാക്കളുടെ കാലം മുതല്‍ കൈവശം ഉണ്ടായിരുന്ന നാലേമുക്കാല്‍ സെന്റ് ഭൂമിക്കാണ് ഇപ്പോള്‍ പട്ടയം ലഭിച്ചത്.ഈ ഭൂമിയിലെ വീടിനോട് ചേര്‍ന്ന് ചെറിയ തോതില്‍ ഹോട്ടല്‍ നടത്തിയാണ് 53 കാരാനായ രാജഗോപാലന്‍ ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്തുന്നത്.കുറ്റിക്കോല്‍ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്‍ കൂടിയാണ് ഇദ്ദേഹം.

85 കാരനായ എം മാലിംഗന്‍ മണിയാണി 75 വര്‍ഷമായി കൈവശം വെയ്ക്കുന്ന ഏഴ് സെന്റ് ഭൂമിക്കാണ് ഇപ്പോള്‍ പട്ടയം ലഭിച്ചത്.വാര്‍ധ്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന അദ്ദേഹം,മക്കളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇപ്പോല്‍ ജീവിക്കുന്നത്.ഇദ്ദേഹത്തിന്റെ ഭാര്യ 10 പത്ത് വര്‍ഷം മുമ്പ് മരിച്ചു.വിറയ്ക്കുന്ന കൈകളാല്‍ റവന്യൂ മന്ത്രിയുടെ കൈകയില്‍ നിന്ന് പട്ടയം വാങ്ങിയ മാലിംഗന്‍ മണിയാണിയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നു-‘ഈ സര്‍ക്കാര്‍ നേരിനൊപ്പമാണ്’