ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന മാധ്യമദിനം 2020 വിവിധ പരിപാടികളോടെ ജനുവരി 29നും നാളെയുമായി ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും. ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം ആരംഭിച്ച ദിവസമെന്ന നിലയിലാണ് മാധ്യമദിനം സംഘടിപ്പിക്കുന്നത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് വൈകിട്ട് 3.30ന് പടിപാടി ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകരും പത്രപ്രവർത്തക സംഘടന ഭാരവാഹികളും പങ്കെടുക്കും.
മാധ്യമവിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശിൽപശാല രണ്ടു ദിവസങ്ങളിലായി നടക്കും. ഇന്ത്യയിലെയും കേരളത്തിലെയും എഡിറ്റർമാർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ വിവിധ സെഷനുകളിൽ പങ്കെടുക്കും. 29ന് രാവിലെ പത്തിന് ആരംഭിക്കുന്ന ശിൽപശാലയിൽ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് എക്സ്‌ക്ലൂസീവുകൾ വന്ന വഴിയെക്കുറിച്ച് സംസാരിക്കും. ചാനലുകളിലെ വനിതാ മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന ബ്രേക്കിംഗ് ന്യൂസ് പരിപാടി ഉച്ചയ്ക്ക് രണ്ടു മുതൽ നടക്കും.
ജനുവരി 30ന് രാവിലെ പത്തിന് പിക്സ് സ്റ്റോറി എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് ജേക്കബ് മാറുന്ന ലോകത്തെ മാധ്യമപ്രവർത്തനത്തെക്കുറിച്ച് മാധ്യമവിദ്യാർത്ഥികളോടു സംസാരിക്കും. ഉച്ചയ്ക്ക് 12 മുതൽ ഇംഗ്ളീഷ് മാധ്യമപ്രവർത്തനത്തിലെ സാധ്യതകളെക്കുറിച്ച് ചർച്ച നടക്കും. രണ്ടു മണി മുതൽ കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരും മാധ്യമ വിദ്യാർത്ഥികളുമായുള്ള ആശയവിനിമയം നടക്കും.