വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ സ്ഥലം ഏറ്റെടുത്ത് കല്ലിടുന്നതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. നാടിന്റെ കാർഷിക സംസ്‌കൃതിയും സംസ്‌കാരവും നിലനിർത്തിയാകും റോഡ് വികസനമെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽത്തന്നെ നാലുവരിപ്പാതയുടെ നിർമാണം പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബിയിൽ നിന്നും 438 കോടി ചെലവഴിച്ചാണ് നാലുവരിപ്പാതയുടെ നിർമാണം. സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായാലുടൻ ടെൻഡർ നടപടി പൂർത്തിയാക്കി നിർമാണം ആരംഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സി. ദിവാകരൻ എം.എൽ.എ പറഞ്ഞു.

ഏണിക്കരയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില, വൈസ് പ്രസിഡന്റ് ആർ. പ്രമോദ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.

തിരുവനന്തപുരം-ചെങ്കോട്ട പാതയിൽ പേരൂർക്കട-നെടുമങ്ങാട് മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാനറോഡാണിത്.