‘സമൃദ്ധി’ അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്റർ ഉദ്ഘാടനം

ഉത്പാദനരംഗത്ത് ഏറെ മാറ്റങ്ങളുണ്ടാക്കാൻ സൃഷ്ടിക്കാൻ ഇൻക്യുബേഷൻ സെന്ററുകൾ മുഖേന സാധിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ മുണ്ടേലയിൽ ആരംഭിച്ച ആരംഭിച്ച ‘സമൃദ്ധി’ അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ  ഉടമസ്ഥതയിൽ ഒരു അഗ്രോ ബിസിനസ് ഇൻക്യുബേഷൻ സെന്റർ ആരംഭിക്കുന്നത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഇത്തരം പ്രവർത്തികൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതാമിഷൻ വികസന വിദ്യാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽനിന്നും സമീപപ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന കാർഷികവിളകൾ ഉപയോഗിച്ച് ചിപ്‌സ്, ഉരുക്ക് വെളിച്ചെണ്ണ, സ്‌ക്വാഷ്, ജാം, സിറപ്പ് എന്നിവ ഇൻക്യുബേഷൻ സെന്ററിൽ ഉത്പാദിപ്പിക്കും. ഇതിനായി 100 പേർക്ക് രണ്ട് ഘട്ടങ്ങളിലായി ഉത്പന്ന നിർമാണ പരിശീലനം നൽകിയിട്ടുണ്ട്. ‘സമൃദ്ധി’ എന്ന പേരിലാകും ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുക. കെ.എസ് ശബരിനാഥൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.