*എല്ലാ രജിസ്‌ട്രേഷൻ രേഖകളും ഡിജിറ്റലൈസ് ചെയ്യും: മന്ത്രി ജി. സുധാകരൻ

 

നൂറുവർഷം പഴക്കമുള്ള എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളും നവീകരിക്കുമെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ. ഇത്തരത്തിലുള്ള 12 ഓഫീസുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിർമാണം ഉടൻ ആരംഭിക്കും. രജിസ്‌ട്രേഷനിലൂടെ ഈ സാമ്പത്തികവർഷം 4,500 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതുതായി പണികഴിപ്പിച്ച വെങ്ങാനൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സബ് രജിസ്ട്രാർ ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി എല്ലാ രജിസ്‌ട്രേഷൻ രേഖകളും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികൾ നടന്നുവരികണ്. എല്ലാവിധ രജിസ്‌ട്രേഷൻ നടപടികൾക്കുമായി ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പൊതുജനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തണം. രജിസ്‌ട്രേഷൻ മേഖലയിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ സർക്കാരിനായി. സബ് രജിസ്ട്രാർ ഓഫീസുകളുടെ സേവനം കാര്യക്ഷമമാക്കാൻ ആവശ്യമെങ്കിൽ ഉദ്യോഗസ്ഥെരെ അധികമായി നിയമിക്കുന്നതടക്കം വേണ്ടതെല്ലാം ചെയ്യാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ ജമീല പ്രകാശം, രജിസ്ര്‌ടേഷൻ ഐ.ജി എ. അലക്‌സാണ്ടർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യാഗസ്ഥർ എന്നിവർ സംബന്ധിച്ചു.