സംസ്ഥാനത്തെ സ്വീവറേജ് വിഷയങ്ങള്‍ കൈകാര്യംചെയ്യാനും ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാന ജല അതോറിട്ടിക്ക് കീഴില്‍ പുതിയ സ്വീവറേജ് സര്‍ക്കിള്‍ ആരംഭിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. കൊച്ചി ആസ്ഥാനമായി രൂപീകരിക്കുന്ന ഈ സര്‍ക്കിളിന് കീഴിലായിരിക്കും സംസ്ഥാനത്തെവിടെയുമുള്ള സ്വീവറേ് മാലിന്യം നീക്കംചെയ്യല്‍, സംസ്‌കരിക്കല്‍ പ്രവൃത്തികള്‍ ഇനി നടക്കുക.
ആദ്യഘട്ടമായി ഒരു സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ മേല്‍നോട്ടത്തിലാവും കൊച്ചിയിലെ ആസ്ഥാനം പ്രവര്‍ത്തിക്കുക. ഘട്ടംഘട്ടമായി ഈ സര്‍ക്കിളിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കുന്ന പുതിയ സ്വീവറേജ് പദ്ധതികളുടെ ചുമതലയും ഈ സര്‍ക്കിളിനാവും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കിള്‍ രൂപീകരിക്കുന്നത്.
അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളം അഭിമുഖീകരിക്കുന്ന പുതിയ പ്രശ്‌നങ്ങളിലൊന്നാണ് സ്വീവറേജ് മാലിന്യത്തിന്റെ നീക്കംചെയ്യലും സംസ്‌കരിക്കലും. ഈ സാഹചര്യത്തിലാണ് ഇതിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന് ജല അതോറിട്ടി തീരുമാനമെടുത്ത്. തദ്ദേശ സയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനമൊട്ടുക്കും സ്വീവറേജ് മാലിന്യം നീക്കല്‍ കാര്യക്ഷമമാക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകൃത മാതൃക കൊണ്ടുവരുന്നതിനും ആധുനിക സാങ്കേതിക വിദ്യയുടെ സഹായം എല്ലായിടത്തും ലഭ്യമാക്കാനും പുതിയ തീരുമാനത്തിലൂടെ സാധിക്കും. പ്രവര്‍ത്തനങ്ങള്‍ ഒരു കേന്ദ്രത്തില്‍ ഏകോപിക്കപ്പെടുന്നതിനാല്‍ വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും കേന്ദ്രസഹായം ലഭ്യമാക്കുന്നതിനും പുതിയ സര്‍ക്കിള്‍ രൂപീകരണം സാഹയകമാവും.
