പതിനൊന്നു മാസത്തെ അധ്വാനം അയ്മനം ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയ്ക്ക് സമ്മാനിച്ചത് വിജയമധുരം. ഇപ്പോള്‍ ഇവിടുത്തെ സേനാംഗങ്ങളില്‍ പ്രതിമാസം 18500 രൂപ വരെ പ്രതിഫലം ലഭിക്കുന്നവരുണ്ട്.

ഇരുപതു വാര്‍ഡിലും ഓരോ ഹരിതസേനാംഗം വീതമാണുള്ളത്. ഒരു വാര്‍ഡില്‍നിന്ന് ഒരു മാസം കുറഞ്ഞത് ഇരുപതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. പഞ്ചായത്തില്‍ ആകെ ശേഖരിക്കുന്നത് എട്ടു ടണ്ണോളമാണ്.

ഈ കാലയളവില്‍ യൂസര്‍ ഫീ ഇനത്തില്‍ മാത്രം 19.50 ലക്ഷം രൂപ ലഭിച്ചു. ഇതില്‍ 17.50 ലക്ഷം രൂപ അംഗങ്ങള്‍ക്ക് വേതനമായി നല്‍കി. ഇവര്‍  മാസത്തില്‍ 18 മുതല്‍ 25 വരെ ദിവസം ജോലി ചെയ്യുന്നു.  വീടുകളില്‍ നിന്നും ചെറിയ കടകളില്‍ നിന്നും 50 രൂപ വീതവും വലിയ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന്  100 രൂപയുമാണ്      യൂസര്‍ ഫീ ഇനത്തില്‍ ഈടാക്കുന്നത്. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാനായി തുണി സഞ്ചി നിര്‍മ്മാണവും സേനയുടെ പരിഗണനയിലുണ്ട്.

യൂസര്‍ ഫീയായി ലഭിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് പ്രതിഫലം നല്‍കിയശേഷമുള്ള തുക പദ്ധതി നടത്തിപ്പിനായി മാറ്റിവയ്ക്കുകയാണ്. ശമ്പളം പതിനായിരം രൂപയായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും   അധികമായി കിട്ടുന്ന തുകയുടെ അന്‍പത് ശതമാനം ഇന്‍സെന്‍റീവായി അനുവദിക്കും. കഴിഞ്ഞ ഓണക്കാലത്ത് ആയിരം രൂപ ബോണസായി നല്‍കുകയും ചെയ്തു.

സര്‍ക്കാരില്‍ നിന്നും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിന്‍റെ (വി.ജി.എഫ്) ആദ്യ ഗഡു മാത്രമാണ് അയ്മനം പഞ്ചായത്ത് ചിലവഴിച്ചത്. സേനയുടെ പ്രവര്‍ത്തന മികവുമൂലം രണ്ടാം ഘട്ടമായി അനുവദിച്ച തുക വിനിയോഗിക്കേണ്ടിവന്നില്ല.

പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന എം.സി.എഫ് യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാക്കുന്നതോടെ അജൈവ മാലിന്യ സംസ്ക്കരണ രംഗത്തും പുതു മാതൃക സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അയ്മനം ഗ്രാമപഞ്ചായത്ത്.