ആരോഗ്യ മേഖലയിലെ ശാസ്ത്ര വിഭാഗങ്ങൾ തമ്മിൽ ഏകോപനം ആവശ്യം – ആരോഗ്യ മന്ത്രി

ആരോഗ്യ മേഖലയിലെ വിവിധ ശാസ്ത്ര വിഭാഗങ്ങൾ തമ്മിൽ മത്സരമല്ല ഏകോപനമാണ് ആവശ്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ. സംസ്ഥാന ഹോമിയോപ്പതി അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പല രോഗങ്ങൾക്കും ഹോമിയോ ചികിത്സ ഫലപ്രദമാണ്. എന്നാൽ കൊറോണയും നിപ്പയും പോലുള്ള അസുഖങ്ങളെ ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശങ്ങളനുസരിച്ച് മാത്രമേ  ചികിത്സിക്കാനാകുവെന്നും മന്ത്രി പറഞ്ഞു. വന്ധ്യത പരിഹരിക്കാനുള്ള ജനനി പദ്ധതി വിജയമാണെന്നാണ് അനുഭവം തെളിയിക്കുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി ഹോമിയോപ്പതി മേഖലയെ കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഹോമിയോപ്പതി അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.

ഹോമിയോപ്പതി ചികിത്സരംഗത്തെ സമഗ്ര സംഭവനക്കുള്ള അവാർഡ് ഡോ.കെ.ജെ.ഐസക്കിനു വേണ്ടി മകൻ ജോസ് ഐസക് ഏറ്റുവാങ്ങി. മികച്ച സർക്കാർ ഡോക്ടർക്കുള്ള അവാർഡ് ഡോ. എസ് സുബൈർ, മികച്ച അധ്യാപകനുള്ള അവാർഡ് ഡോ.കെ.എൽ. ബാബു, സ്വകാര്യ മേഖലയിലെ ഡോക്ടർക്കുള്ള അവാർഡ് ഡോ.എസ്. ജി.ബിജു എന്നിവർ ഏറ്റുവാങ്ങി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അധ്യക്ഷതവഹിച്ചു. ഡോ. കെ. ജമുന, ഡോ. സുനിൽ രാജ്, ഡോ. സി.എസ് പ്രദീപ്, ഡോ.ആർ.ജയനാരായണൻ, ഡോ. എം.എൻ. വിജയാംബിക എന്നിവർ സംബന്ധിച്ചു.