കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകൾ വഹിച്ച പങ്ക് ദൃശ്യമാക്കുന്നതിനും ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതിനും വരുംതലമുറകൾക്ക് പ്രചോദനമാകുന്നതിനും ഉദ്ദേശിച്ച് വനിതാശിശു വികസന വകുപ്പും വനിതാ വികസന കോർപ്പറേഷനും ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും ഒത്തു ചേർന്നൊരുക്കിയ ‘വിമോചനത്തിന്റെ പാട്ടുകാർ’ ഡോക്യുഫിക്ഷൻ നിയമസഭാ സാമാജികർക്കായി പ്രദർശിപ്പിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.

ജീവിത സൂചികകളുടെ പഠനത്തിൽ കേരളം വിസ്മയിപ്പിക്കുന്ന വളർച്ചയാണ് നേടിയിട്ടുള്ളതെന്ന് സ്പീക്കർ പറഞ്ഞു. നവോത്ഥാനത്തിന്റേയും സാമൂദായിക മുന്നേറ്റത്തിന്റേയും വലിയ തുടർച്ചയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. എന്നാൽ സ്ത്രീകൾക്കെതിരായ ചിന്തയും മനോഭാവവും ഇപ്പോഴും നിലനിൽക്കുന്നു. ഇത് വളരെ നിർഭാഗ്യകരവും നിരാശാജനകവുമാണ്. സ്ത്രീകളുടെ ആരോഗ്യകരമായ പുരോഗതിക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും സ്പീക്കർ വ്യക്തമാക്കി.

വനിത ശിശുവികസന വകുപ്പിന് കീഴിൽ വലിയ ഉത്തരവാദിത്തമാണുള്ളതെന്ന് ആമുഖ പ്രസംഗം നടത്തിയ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഓരോ കാലഘട്ടത്തിലും സ്ത്രീ വിരുദ്ധമായിട്ടുള്ളതും നല്ല കാര്യങ്ങളും നടക്കുന്നുണ്ട്. സ്ത്രീ വിരുദ്ധ പ്രവണതകളെ തടയേണ്ടതുണ്ട്. സ്ത്രീകൾക്ക് ആത്മവിശ്വാസം നേടിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. പൊയ്പ്പോയ കാലത്തെ വെളിച്ചം കൊളുത്തിയെടുത്ത് വർത്തമാനകാലത്തിന് കാണിച്ചു കൊടുക്കുകയാണ് വിമോചനത്തിന്റെ പാട്ടുകാർ എന്ന ഡോക്യുഫിക്ഷനിലൂടെ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എം.എൽ.എ.മാർ, വനിത വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.എസ്. സലീഖ, വനിത വികസന കോർപ്പറേഷൻ എം.ഡി. വി.സി. ബിന്ദു, സംവിധായികയായ വിധു വിൻസന്റ് എന്നിവർ പങ്കെടുത്തു.