സംസ്ഥാന സാക്ഷരതാ മിഷന്റെ ട്രാൻസ്‌ജെൻഡർ തുടർവിദ്യാഭ്യാസ പദ്ധതി -സമന്വയത്തിന് കൊല്ലത്ത് തുടക്കമായി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെടുന്നവർക്ക് സമൂഹത്തിൽ തുല്യ സ്ഥാനവും നീതിയും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് സർക്കാരിന്റേതെന്ന് ജില്ലാ പഞ്ചായത്ത് ഐ.ടി ഹാളിൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വിദ്യാഭ്യാസം നൽകുന്നതിനൊപ്പം വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കാനും ട്രാൻസ്‌ജെൻഡർമാർക്ക് അവസരം നൽകും. കൊച്ചി മെട്രോ റെയിലിൽ തൊഴിലവസരം ഇവർക്ക് നൽകിയത് ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നാലായിരത്തോളം പേരെ സർവേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെ ഇവർക്ക് സാമുഹിക അംഗീകാരം കൈവരിക്കാനാകും -മന്ത്രി പറഞ്ഞു. പത്താം ക്ലാസ് തുല്യതാ കോഴ്‌സിന് 20 പേരും പ്ലസ് വൺ തുല്യതക്ക് 15 പേരുമാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാല്, ഏഴ് ക്ലാസുകളിലേക്ക് രണ്ട് പേർ വീതവും പഠനത്തിന് എത്തി. ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച തുല്യത പഠിതാക്കളുടെ കോഴ്‌സിന്റെ അധ്യാപക പരിശീലനവും ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ എം .മുകേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ആമുഖ പ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടർ ഡോ. പി. എസ്. ശ്രീകല, സംസ്ഥാന പ്രോജക്ട് കോഓഡിനേറ്റർ ഇ.വി അനിൽ കുമാർ, ജില്ലാ കോ ഓർഡിനേറ്റർ എസ്.പി. ഹരിഹരൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു