കൊറോണ വൈറസ് ബാധ സംശയിക്കപ്പെടുന്ന ആരും കോട്ടയം ജില്ലയിലെ ആശുപത്രികളില്‍ നിരീക്ഷണത്തിലില്ല. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ശേഷിച്ചിരുന്ന ഒരാളെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നലെ(ഫെബ്രുവരി 7) ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇയാള്‍ ഉള്‍പ്പെടെ നിലവില്‍ 103 പേര്‍ വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ താമസിക്കുന്നുണ്ട്. വിദേശത്തുനിന്നെത്തി കൊറോണ കണ്‍ട്രോള്‍ റൂമില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മൂന്നു പേരും ഇതില്‍ ഉള്‍പ്പെടുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോട്ടയം ജനറല്‍ ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്കായി ഇന്നലെ(ഫെബ്രുവരി 7) കോട്ടയം ഐ.എം.എ ഹാളില്‍ കൊറോണ ബോധവത്കരണ പരിപാടി നടത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി എ. ശോഭ ക്ലാസ് നയിച്ചു. 80 ഡോക്ടര്‍മാര്‍ പങ്കെടുത്തു.
വൈറസ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ക്കായി രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
റെയില്‍വേ സ്റ്റേഷനും ഷോപ്പിംഗ് കോംപ്ലക്‌സുകളും ഉള്‍പ്പെടെ കോട്ടയം നഗരത്തില്‍ ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് കൊറോണ ബോധവത്കരണ  ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കോട്ടയം ജില്ലാ ജയിലില്‍ കൊറോണ വൈറസ് ബോധവത്ക്കരണ പരിപാടി നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ. ടി. അനിതാ കുമാരി ക്ലാസ് നയിച്ചു.
ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ സുധ എസ്. നമ്പൂതിരി,  ജയില്‍ സൂപ്രണ്ട് പി. വിജയന്‍, ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ശ്യാമള കുമാരി, ഡി.പി.എച്ച്.എന്‍ ഇന്‍ ചാര്‍ജ്ജ് കെ.കെ ഓമന എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സരത്തിന് ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ടി. സരിന്‍ ലാല്‍ നേതൃത്വം നല്‍കി. സുനില്‍ പട്ടിമറ്റം ബോധവത്കരണ പാവകളി അവതരിപ്പിച്ചു.