രണ്ടാംഘട്ട നവീകരണത്തിന് 17.5 കോടി

ആധുനികവല്‍ക്കരണത്തിലൂടെ പുതുജീവന്‍ കൈവരിക്കുന്ന കണ്ണൂര്‍ സഹകരണ സ്പിന്നിങ്ങ് മില്ലിന് 17.5 കോടിയുടെ നവീകരണ പദ്ധതിക്ക് അംഗീകാരം. മില്ലിന്റെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി  സമര്‍പ്പിച്ച 17.5 കോടി രൂപയുടെ പദ്ധതിക്കാണ് എന്‍ സി ഡി സി യുടെ അംഗീകാരം ലഭിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് തുക കൈമാറുക. ഒരു വര്‍ഷത്തിനുള്ളില്‍  മില്ലിലേക്കുള്ള  വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനായാണ് തുക ഉപയോഗിക്കുകയെന്ന് ചെയര്‍മാന്‍ എം സുരേന്ദ്രന്‍ അറിയിച്ചു. അഞ്ച് കോടി രൂപ ഈ വര്‍ഷം ലഭിച്ചു കഴിഞ്ഞു.
നാലുപതിറ്റാണ്ടുകളുടെ പഴക്കമുള്ള  ഇവിടുത്തെ യന്ത്രങ്ങള്‍ മാറ്റി പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കുക, ഗുണമേന്‍മയുള്ള നൂല്‍ ഉല്‍പ്പാദനത്തിനാവശ്യമായ പുതിയ യന്ത്രസംവിധാനങ്ങളും സാങ്കേതിക വിദ്യയും ഏര്‍പ്പെടുത്തുക, നിലവിലുള്ള കെട്ടിടത്തിന്റെ നവീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കെല്ലാം പ്രത്യേക പാക്കേജുകള്‍ പദ്ധതിയിലുണ്ട്.

ഈ നവീകരണ പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ അത്യുല്‍പ്പാദന ശേഷിയും ഗുണമേന്മയും ഉള്ള നൂലുകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ആഭ്യന്തര വിപണിക്കൊപ്പം വിദേശ വിപണിയും ലക്ഷ്യമിടുന്നുണ്ട്. ആഭ്യന്തര, വിദേശ വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള കോംബ്ഡ് നൂല്‍ ഉല്‍പാദിപ്പിക്കുക വഴി മികച്ച സാധ്യതയാണ് സഹകരണ സ്പിന്നിങ്ങ് മില്ലിന് തുറന്നു കിട്ടുക. നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്  കോംബ്ഡ്  നൂലുകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്.  നവീകരണ പദ്ധതിയിലൂടെ കൈത്തറി വസ്ത്ര നിര്‍മാണ രംഗത്തെ കണ്ണൂരിന്റെ പെരുമയും തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഡി എച്ച് സി ആര്‍ തരം നൂലുകള്‍ക്ക് വിദേശ വിപണിയിലടക്കം ആവശ്യക്കാര്‍ ഏറെയാണ്.  തുടര്‍ച്ചയായി വിപണനം നടത്താനുള്ള ഓര്‍ഡറുകള്‍  ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മ്യാന്‍മറിലേക്കുള്ള ഡി എച്ച് സി ആര്‍ നൂലുകള്‍ അയക്കുവാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി ചെയര്‍മാന്‍ അറിയിച്ചു.

എന്‍സിഡി സിയുടെ അംഗീകാരം ലഭിച്ചതോടെ പുതു സ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്നതിന്റെ സന്തോഷത്തിലാണ് സഹകരണ സ്പിന്നിങ്ങ് മില്‍ ജീവനക്കാരും തൊഴിലാളികളും. പ്രതിവര്‍ഷം ശരാശരി 17 കോടിയോളം രൂപയാണ് നിലവില്‍ മില്ലിന്റെ വിറ്റുവരവ്. നവീകരണ പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ ഇത് 24 കോടിയായി ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിങ്ങ്് ഡയറക്ടര്‍ സി ആര്‍ രമേശ് പറഞ്ഞു. പ്രവര്‍ത്തന നഷ്ടം ഇല്ലാത്ത നിലയിലേക്ക് മില്ലിനെ എത്തിക്കാനും ഈ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.