ക്ഷീരവികസന വകുപ്പിന്റെയും, ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍, ത്രിതല പഞ്ചായത്തുകള്‍, മില്‍മ, ആത്മ എന്നിവയുടെ സഹകരണത്തോടെ ഓലാട്ട്  ക്ഷീരസഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം നടത്തി. 1500 ഓളം കര്‍ഷകരും, സഹകാരികളും പങ്കെടുത്ത ക്ഷീരവികസന സെമിനാര്‍ റവന്യൂ മന്ത്രി    ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം  ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകി അധ്യക്ഷതവഹിച്ചു.
സംസ്ഥാനതല തരിശുനില തീറ്റപ്പുല്‍കൃഷി അവാര്‍ഡ് ജേതാവായ അബൂബക്കര്‍ പെര്‍ള, ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകന്‍ മുസ കാഞ്ഞങ്ങാട്, വനിത കര്‍ഷക മിസ്‌രിയ, എസ്.സി/എസ്.ടി കര്‍ഷക പുഷ്പ,പരപ്പ എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച പരമ്പരാഗത സംഘമായ കാഞ്ഞങ്ങാട് ക്ഷീരസംഘത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകി അവാര്‍ഡ് നല്‍കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ആപ്‌കോസ് സംഘത്തിനുള്ള അവാര്‍ഡ് ബളാന്തോട് ക്ഷീരസംഘത്തിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് നല്‍കി. ക്ഷീരകര്‍ഷ ക്ഷേമനിധി അവാര്‍ഡ്  ആന്റോ കാറഡുക്കയ്ക്ക് ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിജി വി.ഈശോയും ജില്ലയില്‍ ഏറ്റവും നല്ല ഗുണനിലവാരമുള്ള പാല്‍ സംഭരിക്കുന്നതിനുള്ള അവാര്‍ഡ് എടനാട് സംഘത്തിന് മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സുരേന്ദ്രന്‍ നായരും നല്‍കി. മികച്ച തീറ്റപ്പുല്‍കൃഷി തോട്ടത്തിനുള്ള അവാര്‍ഡ്, 6 ബ്ലോക്കുകളിലെ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള അവാര്‍ഡ് എന്നിവയും ചടങ്ങളില്‍ സമ്മാനിച്ചു.
കാസര്‍കോട് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാന്റി അബ്രഹാം റിപ്പോര്‍ട്ട്  അവതരിപ്പിച്ചു. ക്ഷീരവികസന സെമിനാറില്‍  ക്ഷീരോല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന വിഷയത്തില്‍ ഡോ. ടി.പി. സേതുമാധവന്‍ ക്ലാസെടുത്തു. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിജി വി.ഈശോ  മോഡറേറ്ററായിരുന്നു. സ്വാഗത സംഘം കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും, നീലേശ്വരം ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ സിനാജുദ്ദീന്‍ പി.എച്ച് നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കന്നുകാലി പ്രദര്‍ശന വിജയികള്‍ക്കുള്ള സമ്മാനദാനവും, ഓലാട്ട്് ക്ഷീരസംഘത്തെ മികച്ച കര്‍ഷകരെയും ആദരിക്കുകയും ചെയ്തു.