തീരദേശ പരിപാലന ചട്ടത്തില്‍ ഇളവു വരുത്തിക്കൊണ്ട് 2019 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം സംസ്ഥാന തീരദേശ പരിപാലന പ്ലാന്‍ സമയബന്ധിതമായി തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

2019-ലെ വിജ്ഞാപനപ്രകാരമുള്ള പ്ലാന്‍ തയ്യാറാക്കുന്നതിന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയത്. പ്ലാന്‍ തയ്യാറാക്കുന്ന പ്രക്രിയ മാര്‍ച്ച് 31-ന് മുമ്പ് പൂര്‍ത്തിയാക്കുന്നതിന് ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന് ആവശ്യമായ വിദഗ്ധരെയും മറ്റും സര്‍ക്കാര്‍ ലഭ്യമാക്കും.

തീരദേശ പരിപാലന ചട്ട ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില്‍ നിയമവശം പരിശോധിച്ച് മറുപടി നല്‍കാനും തീരുമാനിച്ചു.

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ഉന്നത വിദ്യാഭ്യാസ-പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, നിയമ സെക്രട്ടറി അരവിന്ദ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.