ഇടുക്കി: കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവന രഹിതർക്കായി ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം കരിമണ്ണൂർ വേനപ്പാറ (കിളിയറ) യിൽ വൈദ്യുതി മന്ത്രി എം.എം.മണി നിർവഹിച്ചു. ചിലവ് കുറഞ്ഞതും പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാതെയുള്ള നിർമാണ രീതിയാണ് വേനപ്പാറയിൽ അവലംബിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ചിലവ് കുറഞ്ഞ കെട്ടിട നിർമാണ സാങ്കേതിക വിദ്യ മറ്റ് ജില്ലകളിലും ഭവന പദ്ധതികളിൽ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഭൂരഹിത ഭവന രഹിതർക്കായി കരിമണ്ണൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഭവന സമുച്ചയം നിർമിക്കുന്നത്. പഞ്ചായത്തിലെ വേനപ്പാറയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ 44 വീടുകളാണുള്ളത്. പഞ്ചായത്തിന്റെയും പട്ടിക ജാതി വികസന വകുപ്പിന്റെയും ഫണ്ടുപയോഗിച്ചാണ് നിർമാണം. 2.69 ഏക്കർ ഭൂമിയാണ് പഞ്ചായത്ത് ഇവിടെ വാങ്ങിയത്.
ആധുനിക പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ഭവന സമുച്ചയം ഗുണഭോക്താക്കൾക്ക് നൽകും. പ്രകൃതി വിഭവങ്ങൾ വളരെക്കുറച്ച് മാത്രം ഉപയോഗിച്ചാണ് നിർമാണം. രണ്ട് മുറികൾ, ഹാൾ, അടുക്കള, ശുചി മുറി എന്നിവ ഉൾപ്പെടുന്ന ഓരോ ഫ്ലാറ്റിനും 11 ലക്ഷത്തിലധികം രൂപാ ചിലവ് വരുമെന്ന് അധികൃതർ പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതി വിഭാവനം ചെയ്തിരിക്കുന്ന രീതിയിൽ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങൾക്ക് വീടിനൊപ്പം ജീവനോപാധികളും കൂടി ഉറപ്പ് വരുത്തും.
ഇതോടൊപ്പം ഒന്നരയേക്കർ ഭൂമി ഭൂരഹിതരും ഭവനരഹിതരുമായ ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കായി നീക്കിവച്ചിട്ടുണ്ട്. ഫ്ലാറ്റ് സമുച്ചയത്തിലെ 44 കുടുംബങ്ങൾ കൂടാതെ കരിമണ്ണൂർ പഞ്ചായത്തിൽ 53 കുടുംബൾക്ക് ഇതിനോടകം വീട് നൽകിക്കഴിഞ്ഞു. ഇതു കൂടാതെ ഹരിജൻ വിഭാഗത്തിലുള്ളവർക്കായി അനുവദിച്ച 13 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
കരിമണ്ണൂർ പഞ്ചായത്ത് ഹാളിൽ നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ ദേവസ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിസാമോൾ ഷാജി, ജില്ലാ പഞ്ചായത്തംഗം വിഷ്ണു.കെ.ചന്ദ്രൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗൗരി സുകുമാരൻ, ബേസിൽ ജോൺ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സക്കീർ.വി.എ., സിബി കുഴിക്കാട്ട്, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പ്രവീൺ.കെ., ദാരിദ്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ, കരിമണ്ണൂർ പഞ്ചായത്ത് സെക്രട്ടറി സാജു ജോസഫ്
എന്നിവരുൾപ്പെടെ വിവിധ ജനപ്രതിനിധികളും സാമൂഹ്യ – രാഷ്ട്രീയ രംഗത്തുള്ളവരും സംസാരിച്ചു.