കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്തു. ഡിവിഷന്‍ 54ല്‍ കാരണക്കോടം തോട് ചെലവന്നൂര്‍ കായലില്‍ പതിക്കുന്ന ഭാഗത്തെ അനധികൃത സ്ലാബുകള്‍, നടപ്പാലങ്ങള്‍ തുടങ്ങിയ കൈയ്യേറ്റങ്ങളാണ് പൊളിച്ചു നീക്കിയത്.
ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയർ എച്ച്. ടൈറ്റസ്, ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. സുജാത, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സീന, അസി. എഞ്ചിനീയര്‍ റെജി തോമസ് എന്നിവര്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. കാരണക്കോടം തോടിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സുഭാഷ് ചന്ദ്രബോസ് റോഡിന് സമീപമുള്ള മത്സ്യഫെഡിന്റെയും എം.പി.ഐയുടെയും ഔട്ട്‌ലെറ്റുകള്‍ ചെലവന്നൂര്‍ കായലിന് സമീപമുള്ള പെട്ടിയും പറയും എന്നിവ നീക്കം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. കാരണക്കോടം തോടിനെ വീണ്ടെടുക്കുന്ന പ്രവൃത്തികള്‍ക്ക് 4.49 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.