പാഠം ഒന്ന് പാടത്തേക്ക്; ആവേശമായി കൊയ്ത്തുത്സവം
കേരളത്തില്‍ ഒരാള്‍പോലും വിശന്നിരിക്കുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച 25 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ഭക്ഷണ വിതരണ കേന്ദ്രം ഒരോ പഞ്ചായത്തിലും ആരംഭിക്കാന്‍ പോവുകയാണ്. പണം നല്‍കി ഭക്ഷണം കഴിക്കാന്‍ കഴിയാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം ലഭിക്കും. കുടുംബശ്രീയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിനു മുന്‍കൈ എടുക്കേണ്ടത്. ആധുനിക കൃഷിരീതി സ്വീകരിക്കണമെന്നും ആവശ്യമായ പച്ചക്കറികള്‍ വീടുകളില്‍ തന്നെ ഉത്പാദിപ്പിക്കുന്ന സ്ഥിതി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറ്റുംമുറി യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പാടശേഖര സമിതിയും സംയുക്തമായി അശ്വതി പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി കാര്‍ഷിക സമൃദ്ധിയുടെയും കാര്‍ഷിക വൃത്തിയുടെയും പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തരിശുരഹിത പഞ്ചായത്തുകള്‍ക്കായി വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും സംയുക്തമായാണ് പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിക്ക് രൂപം നല്‍കിയത്.
കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചോയിക്കുട്ടി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.ബിന്ദു, ജില്ലാപഞ്ചായത്ത് അംഗം എന്‍.കെ ജുമൈലത്ത്, കക്കോടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലത ബാബു, മേലാല്‍ മോഹനന്‍, വിജില സി.വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ശാന്ത മുതിയേരി, പി. ശോഭീന്ദ്രന്‍, പടിഞ്ഞാറ്റുമുറി ഗവ. യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുനില്‍കുമാര്‍, കോഴിക്കോട് ഡി.ഇ.ഒ എന്‍ മുരളി, പി.ടി.എ പ്രസിഡണ്ട് കെ.പി ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.