കൈത്തറി മേഖലയിൽ ആറു മാസമായി കൂലി കുടിശ്ശികയായ തുക അടുത്തയാഴ്ച തന്നെ നൽകാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞതായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. കോഴിക്കോട് ജില്ലാ കൈത്തറി നെയ്ത്തുത്സവം വടകര ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ കൈത്തറി മേഖലയെയും പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
കൈത്തറിക്ക് ഒരു ലോക ബ്രാന്റ് നൽകുക എന്ന ലക്ഷ്യത്തോടെ നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കൈത്തറിയുടെ ജൈവ വസ്ത്ര ഷോറൂം തുടങ്ങും.നല്ല കൈത്തറി തൊഴിലാളികൾക്കും, കൈത്തറി സൊസൈറ്റിക്കും അവാർഡ് നൽകും.
കൈത്തറി ഗ്രാമം പദ്ധതി തുടങ്ങാൻ നടപടിയായി കഴിഞ്ഞു. ഓരോ ജില്ലയിലെയും കൈത്തറി സംഘങ്ങളെക്കുറിച്ച് പഠിക്കാനായി കൈത്തറി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 40 വ്യത്യസ്ത നിറത്തിലുള്ള കൈത്തറി സ്കൂൾ യൂണിഫോം നിർമ്മിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനുളളിൽ 73 ലക്ഷം മീറ്റർ കൈത്തറി തുണി ഉൽപാദിപ്പിച്ചു കഴിഞ്ഞു. 44 ലക്ഷം മീറ്റർ തുണി ഈ വർഷം ഉല്പാദിപ്പിക്കും.
സംസ്ഥാനത്തെ 10 വരെയുള്ള സർക്കർ വിദ്യാലയങ്ങളിൽ സൗജന്യ യൂണിഫോം പദ്ധതി നടപ്പാക്കിയത് ആർക്കും ഇനി ഉപേക്ഷിക്കാൻ കഴിയില്ലായെന്നും എല്ലാ കൈത്തറി തൊഴിലാളികൾക്കും മിനിമം കൂലിയും ആനുകൂല്യവും നൽകുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയർമാൻ കെ ശ്രീധരൻ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് പ്രായം ചെന്ന നെയ്ത്തുകാരെ ആദരിച്ചു. കൗൺസിലർ കെ പ്രേമ കുമാരി,സംസ്ഥാന കൈത്തറി സൊസൈറ്റീസ് അസോസിയേഷൻ സെക്രട്ടറി എ വി ബാബു, കൈത്തറി ജില്ലാ സെക്രട്ടറി പി ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. സി ബാലൻ സ്വാഗതവും എൻ പവിത്രൻ നന്ദിയും പറഞ്ഞു.