ജില്ലയിലെ ആദ്യ പ്ലാസ്റ്റിക് മാലിന്യം പൊടിക്കല്‍ യൂണിറ്റ് മീനങ്ങാടിയില്‍ തുടങ്ങി.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ജില്ലയ്ക്ക് തന്നെ മാത്യകയായ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വീടുകളിലെത്തി ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ മെഷീന്‍ ഉപയോഗിച്ച് കഴുകി പുനരുപയോഗത്തിനുള്ള പൊടിയാക്കി മാറ്റുകയാണ് ചെയ്യുക. ഹരിത കര്‍മസേന മാലിന്യങ്ങള്‍ വീടുകളിലെത്തി ശേഖരിക്കുമ്പോള്‍ ചെറിയ ഒരു യൂസര്‍ ഫീ നല്‍കണം. വൃത്തിയാക്കി കഴുകി ഉണക്കിയ പ്ലാസ്റ്റിക് കവറുകള്‍, കിറ്റുകള്‍ തുടങ്ങിയവ ഇവര്‍ ശേഖരിക്കും. തുടര്‍ന്ന് ഇവ മെററീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളില്‍ ശേഖരിക്കും. ഇവിടെ നിന്ന് പ്ലാസ്റ്റിക് ഷ്‌റെഡിങ് പ്ലാന്റുകളില്‍ എത്തിച്ച് പൊടിച്ച ശേഷം റോഡുകളുടെ ടാറിങ്ങിന് ഉപയോഗിക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം ഹരിത കര്‍മ സേന മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കും. ഇ വേസ്റ്റ്, ഇലക്ട്രേണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും ശേഖരിക്കും. ഇവയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കും. ഇത്തരത്തില്‍ റോഡ് ടാറിങ്ങിന് ഇരുപത് ശതമാനം പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുതിന് സര്‍ക്കാര്‍ അനുമതി ആയിട്ടുണ്ട്. മീനങ്ങാടി പഞ്ചായത്തില്‍ സര്‍ക്കാരിന്റെ ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 39 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. ഷ്‌റെഡിങ് മെഷീനും പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കുന്നതിനുമായുള്ള മെഷീന്‍ സ്ഥാപിക്കുന്നതിന് എട്ടുലക്ഷം രൂപയാണ് മീനങ്ങാടി പഞ്ചായത്ത് മാറ്റിവച്ചത്. ഒരു വാര്‍ഡില്‍ നിന്ന് രണ്ടുപേരെ വീതം ഉള്‍പ്പെടുത്തി 38 ഹരിത സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. ഇവര്‍ക്ക് പരിശീലനത്തിനും യൂണിഫോമിനുമായി പഞ്ചായത്ത് രണ്ടുലക്ഷം രൂപ ചെലവഴിച്ചു. മീനങ്ങാടി കൃഷി ഭവനോട് ചേര്‍ന്ന് തുമ്പൂര്‍ മുഴി കമ്പോസ്റ്റ് രീതി അവലംബിച്ച് മാലിന്യ സംസ്‌കരണ സംവിധാനവും പഞ്ചായത്ത് പണി പൂര്‍ത്തിയാക്കി വരുകയാണ്. ഇതിനായി ഇരുപത്തൊന്നര ലക്ഷം രൂപയും ചെലവഴിക്കുന്നു. മാലിന്യ മുക്ത-പ്ലാസ്റ്റിക് രഹിത വയനാട് എന്ന ലക്ഷ്യത്തിലേക്കുള്ള ജില്ലയുടെ കാല്‍വയ്പ്പില്‍ വലിയൊരു മുന്നേറ്റത്തിനാട് മീനങ്ങാടി തുടക്കമിടുന്നത്. ത്രിതല പഞ്ചായത്തുകളുടെയും ഹരിത കേരള മിഷന്റെയും ജില്ലാ ശുചിത്വ മിഷന്‍രെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മയിലൂടെയാണ് പ്ലാസ്റ്റിക് സംസ്‌കരണ സംവിധാനം വന്‍ വിജയമാക്കാമെന്നാണ് മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും പ്രതീക്ഷ. ചടങ്ങില്‍ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് നിയന്ത്രണ ബൈലോയുടെ പ്രകാശനവും ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. കൂടാതെ പൊടിച്ച പ്ലാസ്റ്റിക് റോഡ് നിര്‍മാണത്തിനായി പി.ഡബ്ല്യൂ.ഡി വിഭാഗത്തിന് ജില്ലാ കളക്ടര്‍ കൈമാറി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ബീനാ വിജയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, ജില്ലാ പഞ്ചായത്തംഗം ഓമന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.അസൈനാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഹരിത കേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുധീര്‍ കൃഷ്ണന്‍, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജസ്‌ററിന്‍, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ സാജിത, പഞ്ചായത്ത് സെക്രട്ടറി കെ.സജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ പഞ്ചായത്തുകളുടെ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.