ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം. തോമസ് നിര്‍ദേശിച്ചു. കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷനംഗം.
 
സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കേണ്ട രീതി, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം തുടങ്ങിയ വിവരങ്ങള്‍ വിദ്യാര്‍ഥികളെ അറിയിക്കുന്നതിനും അപേക്ഷകള്‍ പരിശോധിച്ച് യഥാസമയം അതത് ഏജന്‍സികള്‍ക്കും വകുപ്പുകള്‍ക്കും അയക്കുന്നതിനും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കടമയുണ്ട്. 
 
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്താത്തതുമൂലം പോസ്റ്റ് മെട്രിക്, പ്രീമെട്രിക്, എം.സി.എം സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ ഏറെയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതിനായി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജീകരിക്കണം. 
 
സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയാതെ പോയ വിദ്യാര്‍ഥിയുടെ  പരാതി പരിഗണിക്കവെയായിരുന്നു കമ്മീഷന്റെ നിര്‍ദേശം. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച 20 കേസുകളില്‍ 10 എണ്ണം തീര്‍പ്പാക്കി. അടുത്ത അദാലത്ത് ഏപ്രില്‍ 21ന് നടക്കും.