സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളെ ഐ.എസ്.ഒ നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ കെട്ടിടോദ്ഘാടനവും നിര്‍മാണോദ്ഘാടനവും തിരുവനന്തപുരത്തുനിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം രജിസ്‌ട്രേഷന്‍ കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനവും ഇതിന്റെ ഭാഗമായി നടന്നു. കളക്ടറേറ്റ് വളപ്പില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗും അനുബന്ധ ചടങ്ങും നടന്നത്.
രജിസ്‌ട്രേഷന്‍ വകുപ്പ് നാടിന് പൂര്‍ണമായും ഉപകാരപ്രദമായ രീതിയില്‍ മാറിയിരിക്കുന്നു. സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി സേവനങ്ങള്‍ സമയബന്ധിതമായും കാര്യക്ഷമമായും നല്‍കി ജനസൗഹൃദ സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതി പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലും ശ്രദ്ധേയമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ വകുപ്പിലും ഈ മാറ്റം പ്രകടമാണ്. ഈ സ്ഥിതി തുടര്‍ന്നുകൊണ്ടുപോകുവാന്‍ എല്ലാവരും ശ്രദ്ധിക്കണം.
വ്യാജ മുദ്രപ്പത്രങ്ങളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള മുദ്രപ്പത്രങ്ങള്‍ ഇലക്‌ട്രോണിക് രൂപത്തിലാക്കുന്ന ഇ-സ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കുകയാണ്. എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു. സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ റെക്കോര്‍ഡ് റൂമുകളുടെ പരിഷ്‌കരണം പരിഗണനയിലുണ്ട്.
റവന്യൂ വരുമാന സമാഹരണത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് രജിസ്‌ട്രേഷന്‍ വകുപ്പ്. ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആധാരങ്ങളുടെ കണക്കെടുത്താല്‍ ഇത് വ്യക്തമാണ്. നടപ്പു സാമ്പത്തിക വര്‍ഷം 4500 കോടി രൂപയാണ് ഈ മേഖലയില്‍നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം. സര്‍ക്കാരിന് വരുമാനമുണ്ടാക്കുന്ന വകുപ്പിനെ ജനോപകാരപ്രദമായി ആധുനീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം വേണ്ടതുണ്ട്-അദ്ദേഹം പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സിംഗില്‍ രജിസ്‌ട്രേഷന്‍ – പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. കോട്ടയത്തു നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ സി.കെ. ശശിധരന്‍, സജി മഞ്ഞക്കടമ്പില്‍, കാണക്കാരി അരവിന്ദാക്ഷന്‍, സജി നൈനാന്‍, എ.കെ.ഡി.ഡബ്ല്യു സംസ്ഥാന സെക്രട്ടറി വി. ശശിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ ബി.റിയാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ദക്ഷിണമധ്യമേഖലാ ഡി.ഐ.ജി ആര്‍.മധു സ്വാഗതവും ജില്ലാ രജിസ്ട്രാര്‍(ജനറല്‍) ആര്‍.ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
ദക്ഷിണമധ്യമേഖലാ ഡി.ഐ.ജി ആര്‍.മധു സ്വാഗതവും ജില്ലാ രജിസ്ട്രാര്‍(ജനറല്‍) ആര്‍.ഗോപകുമാര്‍ നന്ദിയും പറഞ്ഞു.