കാര്‍ഷിക വിളകള്‍ക്ക് വെള്ളം സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വെള്ളം അമിതമായി ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്ന തെറ്റായ ധാരണ ചില കര്‍ഷകര്‍ക്കുണ്ട്. കാര്‍ഷിക വിഭവങ്ങള്‍ നനക്കുന്നത് വഴി വിളവില്‍ വര്‍ദ്ധനവ് സൃഷ്ടിക്കാനും ഇതു വഴി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാനും സാധിക്കും. കുടിവെള്ളം വരുംതലമുറയ്ക്ക് കൂടെ ഉപയോഗപ്പെടുത്താന്‍ കഴിയും വിധം സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

മൂന്നാമത് ഇന്ത്യന്‍ നാഷണല്‍ ഭൂഗര്‍ഭജല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ കെ.പി സുധീര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ പ്രബന്ധ സമാഹാരം പ്രകാശനം ചെയ്തു.

മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഭൂഗര്‍ഭജല സമ്മേളനത്തില്‍ ഇരുന്നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യക്ക് പുറമേ റഷ്യ, കാനഡ, അമേരിക്ക, നൈജീരിയ, ബംഗ്ലാദേശ്, ഫ്രാന്‍സ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സുസ്ഥിര വികസനത്തിന് തീരപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും പരിസ്ഥിതിക്ക് പ്രത്യേകം ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഭൂഗര്‍ഭജല പരിപാലനമാണ് മൂന്നാമത് ഭൂഗര്‍ഭജല സമ്മേളനത്തില്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്. 20 നു സമ്മേളനം സമാപിക്കും.

ജലവിഭവ മന്ത്രാലയം അഡീഷണല്‍ ഡയറക്ടര്‍ ടി രാജേശ്വരി, സി.ഡബ്ല്യു.ആര്‍.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.ബി അനിത, സി.ഡബ്ല്യു.ആര്‍.ഡി.എം ഗ്രൗണ്ട് വാട്ടര്‍ ഡിവിഷന്‍ ഹെഡ് സി.എം സുശാന്ത്, സി.ജി.ഡബ്ല്യു.ബി റീജിയണല്‍ ഡയറക്ടര്‍ സഞ്ജയ് മര്‍വ, എന്‍.ഐ.ടി ഡയറക്ടര്‍ ഡോ. ശിവാജി ചക്രവര്‍ത്തി, എ.ജി.ജി.എസ് പ്രസിഡന്റ് ഡോ എ.എല്‍ രാമനാഥന്‍, എ.ജി.ജി.എസ് ഫൗണ്ടര്‍ പ്രസിഡന്റ് ഡോ എം തങ്കരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.