സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ആയൂർവേദ കോളേജുകൽ, ഹോമിയോപതിക് കോളേജുകൾ, അഗ്രികൾച്ചറൽ കോളേജുകൾ എന്നിവയിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2020ലെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സ് പ്രോസ്‌പെക്ടസ് പ്രകാരം എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്‌പെക്ടസിലെ യോഗ്യതയുള്ള കായിക താരങ്ങൾ എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ അപേക്ഷ സമർപ്പിക്കണം.

2018 ഏപ്രിൽ ഒന്നു മുതൽ  2020 മാർച്ച് 31 വരെയുള്ള കാലയളവിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയർ/ യൂത്ത് മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ, റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ എന്നിവയാണ് കുറഞ്ഞ യോഗ്യത. പ്രസ്തുത വർഷങ്ങളിൽ സ്‌പോർട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സർട്ടിക്കറ്റുകൾ മാത്രമേ പരിഗണിക്കൂ.

അപേക്ഷകർ സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്‌കൂൾ ഗെയിംസ് സർട്ടിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം. അപേക്ഷ 29ന് വൈകിട്ട് 5നകം സമർപ്പിക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1. ഫോൺ: 0471-2330167, 2331546.