വള്ളിയാങ്കാവിലേക്ക് ബസ് വേണം

കോട്ടയം റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ഇടുക്കി ജില്ലയില്‍നിന്ന് ഒരു പരാതി. ചങ്ങനാശേരി – വള്ളിയാങ്കാവ് റൂട്ടില്‍ പെര്‍മിറ്റുള്ള സ്വകാര്യ ബസ് സര്‍വീസ് ഇടയ്ക്കുവച്ച് സര്‍വീസ് നിര്‍ത്തുന്നതായി പെരുവന്താനം ഗ്രാമപഞ്ചായത്ത് നല്‍കിയ പരാതി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഫയലില്‍ സ്വീകരിച്ചു.

പഞ്ചായത്ത് ഭരണ സമിതിയെ പ്രതിനിധീകരിച്ച്  അംഗം പി.എസ്. പ്രഭാവതി ഹാജരായി വിശദാംശങ്ങള്‍ സമര്‍പ്പിച്ചു. റോഡ് ഗതാഗത യോഗ്യമല്ലെന്ന കാരണം പറഞ്ഞ് ബസ്  35-ാം മൈലില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്.  വിദ്യാര്‍ഥികളടക്കമുള്ള പ്രദേശവാസികളും വള്ളിയാങ്കാവ് ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തരും  ഇതുമൂലം വലയുകയാണെന്ന് അവര്‍ പറഞ്ഞു.

സ്വകാര്യ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള വസ്തു വിലയ്‌ക്കെടുത്ത് മികച്ച രീതിയില്‍ റോഡ് നവീകരണം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആറ് കോടി രൂപ അനുവദിച്ചിട്ടുണ്ടണ്‍്.  ഈ സാഹചര്യത്തില്‍ ബസിന്റെ സര്‍വ്വീസ് വെട്ടിച്ചുരുക്കാന്‍ അനുവദിക്കരുതെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.

വാഹന പെര്‍മിറ്റ് പുതുക്കല്‍ , പുതിയ ബസ് റൂട്ട് അനുവദിക്കല്‍, ബസ് സ്റ്റാന്‍ഡുകളുടെയും സ്റ്റോപ്പുകളുടെയും  ക്രമീകരണവും നിര്‍മ്മാണവും,  ട്രാഫിക് പരിഷ്‌കാരങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എഴുപതോളം  അപേക്ഷകളില്‍ യോഗത്തില്‍ വിസ്താരം നടന്നു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി. അജിത്കുമാര്‍, ആര്‍.ടി.ഒ വി.എം.ചാക്കോ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടോജോ.എം.തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.