സംസ്ഥാനത്ത് ഇനി കറന്റ് കട്ടും ലോഡ് ഷെഡിങ്ങുമില്ല: മന്ത്രി എം എം മണി

ആലപ്പുഴ: സംസ്ഥാനത്ത് ഇനി കറന്റ് കട്ടും ലോഡ് ഷെഡിങും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. സൗരോർജ്ജത്തിലൂടെ വൈദ്യതിയുടെ കാര്യത്തിൽ
സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കും. പുരപ്പുറ സോളാർ, ഡാമുകളിലെ ഫ്‌ളോട്ടിങ് സോളാർ പദ്ധതികളിലൂടെ അത് സാധ്യമാകും. ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞ ഇടുക്കിജലവൈദ്യുത പദ്ധതിയുടെ രണ്ടാഘട്ടത്തിന്റെ തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി മണി പറഞ്ഞു.

കെ എസ് ഇ ബിയെ പരാതിരഹിത സ്ഥാപനമാക്കുന്നതിനും പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ കേള്‍ക്കുന്നതിനും സമയബന്ധിതമായി പരിഹരിക്കുന്നതിനും കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു ലൈനിൽ വൈദ്യുതി മുടങ്ങിയാൽ ഓട്ടോമാറ്റിക്കായി മറ്റൊരു ലൈനിൽ നിന്ന് കറന്റ് ഉപഭോക്താവിന് ലഭിക്കുന്ന തരത്തിലുള്ള നവീകരണങ്ങൾ മേഖലയിൽ പരിഗണിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല. വേണ്ടതിന്റെ 70%വൈദ്യുതിയും വിവിധ കരാറുകൾ പ്രകാരം പുറമെ നിന്ന് എത്തിക്കുന്നതാണ്.

ഈ സാഹചര്യത്തിലും വിതരണ തടസമില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി കാര്യക്ഷമമായി ജനങ്ങൾക്ക് നൽകാനാണ് ശ്രമിക്കുന്നത്. അത് ഫലപ്രദമാക്കാനും കഴിഞ്ഞിട്ടുണ്ട്. ജല വൈദ്യുത പദ്ധതികൾക്ക് സാദ്ധ്യതകൾ ഇനി പരിമിതമാണ്. താപനിലയങ്ങളും സംസ്ഥാനത്തിന് ആദായകരമോ യോജിച്ചതോ അല്ല. ഈ സാഹചര്യത്തിലാണ് സൗരോർജത്തെ ആശ്രയിച്ച് വൻ മുന്നേറ്റത്തിനൊരുങ്ങുന്നത്.

ഫ്‌ളോട്ടിങ് സോളാർ പദ്ധതിയിൽ സഹായിക്കുന്നതിന് കേന്ദ്രത്തിന് പ്രത്യേക സ്‌കീമുണ്ട്. അത് പ്രയോജനപ്പെടുത്തും. പുരപ്പുറ സോളാർ പദ്ധതിക്കായി രണ്ടുലക്ഷത്തി എൺപതിനായിരത്തോളം പേർ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വൈദ്യുതിയുമായി ബന്ധപ്പെട്ട് സർക്കാർ ലക്ഷ്യമിട്ട ഏറ്റവും പ്രധാനകാര്യങ്ങളെല്ലാം നടപ്പാക്കാൻ കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സമ്പൂർണ്ണ വൈദ്യുതീകരണമാണ്. ഓഖിയും രണ്ടു പ്രളയങ്ങളും കനത്ത നഷ്‌ടം കെ എസ് ഇ ബിക്കുണ്ടാക്കിയെങ്കിലും ദിവസങ്ങൾക്കകം തകരാറുകൾ പരിഹരിക്കാനും വൈദ്യുതിബന്ധം സാധാരണ നിലയിലാക്കാനും കഴിഞ്ഞു.

ഇതിലെല്ലാം കെ എസ് ഇ ബി ജീവനക്കാർ മികച്ച പങ്കാണ് വഹിച്ചത്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൃത്യതയോടെ അർഹമായ തോതിൽ നൽകണമെന്നതാണ് സംസ്ഥാന സർക്കാരിന്റെയും മന്ത്രിയെന്ന നിലയ്ക്ക് തന്റെയും സുനിശ്ചിത നിലപാടെന്നും മന്ത്രി മണി പറഞ്ഞു.

അഡ്വ എ എം ആരിഫ് എം പി അധ്യക്ഷത വഹിച്ചു. വൈദ്യതി മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കെല്ലാം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വൈദ്യുതി അദാലത്ത് നടത്തുന്നത്.

ഒട്ടേറെ നൂലാമാലകളും തടസങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്ന വൈദ്യുതി അദാലത്ത് ഇതിനകം 12 ജില്ലകളിൽ വിജയകരമായി നടത്താനായത് സർക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും നിശ്ചയദാർഢ്യവും ഇച്‌ഛാശക്തിയുമാണ് പ്രതിഫലിപ്പിക്കുന്നത്.

അഡ്വ യു പ്രതിഭ എം എൽ എ, നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബഷീർ കോയാപ്പറമ്പിൽ, വാർഡ് കൗൺസിലർ എൽ സലിലാകുമാരി കെ എസ് ഇബി ചെയർമാനും എം ഡിയുമായ എൻ എസ് പിള്ള, ഡയറക്‌ടർ പി കുമാരൻ എന്നിവർ പ്രസംഗിച്ചു.