* ടോഡി ബോർഡ് യാഥാർഥ്യത്തിലേക്ക്
* കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
മറ്റൊരു കാലത്തും ഉണ്ടാകാത്ത നിലയിൽ കേരളത്തിലെ തൊഴിലന്തരീക്ഷം മാറിയതായും ആരോഗ്യകരമായ തൊഴിൽസംസ്‌കാരം ശക്തിപ്പെടുത്താൻ സാധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കള്ളുചെത്ത് വ്യവസായ മേഖലയിലെ തൊഴിലാളികൾ ആഗ്രഹിക്കുന്ന ടോഡി ബോർഡ് യാഥാർഥ്യമാക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതാണ്ട് ഒരുലക്ഷത്തോളം പേർ ഈ വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നുണ്ട്. എന്നാൽ തൊഴിൽരംഗത്തെ അനിശ്ചിതത്വം ഈ രംഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിനും കള്ളുവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം തൊഴിലാളിക്ഷേമം ഉറപ്പുവരുത്താനും ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാനും നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഈ മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞകൂലി പുതുക്കി നിശ്ചയിച്ചു. ക്ഷേമനിധി ബോർഡുവഴിയും ഒട്ടേറെക്കാര്യങ്ങൾ ചെയ്യാനായി. നിലവിൽ ക്ഷേമനിധിയിൽ 27,384 തൊഴിലാളികളും 16,721 പെൻഷൻകാരുമാണുള്ളത്.
കേരളത്തിൽ തൊഴിലാളികൾക്കായി രൂപംകൊണ്ട ആദ്യ ക്ഷേമപദ്ധതിയാണിത്. നിലവിലുള്ള അപകട ഇൻഷുറൻസ് പദ്ധതി, സ്‌കോളർഷിപ്പ്, മരണാനന്തര സഹായം, അവശതാ ധനസഹായം ഇവയെല്ലാം തുടരുന്നുണ്ട്. അതിനുപുറമേ, സർവീസിനനുസരിച്ച് പെൻഷൻ നൽകുന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതുപ്രകാരം 2000 രൂപ മുതൽ 5000 രൂപ വരെ സർവീസിനനുസൃതമായി പെൻഷൻ ലഭിക്കും. 2018 ഏപ്രിൽ മുതൽ ക്ഷേമനിധി അംഗങ്ങളെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലും ഉൾപ്പെടുത്തി. ഈ പദ്ധതിയിൽ അംഗങ്ങളായവർക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യങ്ങളാണുള്ളത്. നിരവധി കുടുംബങ്ങൾക്ക് ഇത് ഉപകാരപ്രദമാണ്.
തൊഴിലാളികളുടെ പെൺമക്കൾക്ക് വിവാഹധനസഹായമായി 40,000 രൂപ നൽകുന്ന പദ്ധതിയുണ്ട്. സർവീസിലിരിക്കെ മരണപ്പെടുന്ന തൊഴിലാളികളുടെ പെൺമക്കൾക്ക് വിവാഹധനസഹായമായി രണ്ടുലക്ഷം രൂപ നൽകുന്ന പദ്ധതി, പ്രായാധിക്യം മൂലം പിരിയുന്നവരിൽ ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സർവീസുള്ള അംഗത്തിന് 50,000 രൂപ പാരിതോഷികം നൽകുന്ന പദ്ധതി, ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കള്ള് അളക്കുന്ന തെങ്ങുചെത്ത് തൊഴിലാളിക്കും, പന തൊഴിലാളിക്കും പ്രതിവർഷം 50,000 രൂപ പാരിതോഷികം നൽകുന്ന പദ്ധതി, പി.ജി-പ്രൊഫഷണൽ കോഴ്‌സുകൾക്ക് പ്രവേശനം ലഭിച്ച അംഗങ്ങളുടെ മക്കൾക്ക് ലാപ്‌ടോപ്, കുടുംബപെൻഷൻ പദ്ധതി എന്നിങ്ങനെ അനേകം പദ്ധതികളാണ് ഇക്കാലയളവിൽ രൂപം നൽകിയത്. ഇതിനുപുറമേയാണ് ക്ഷേമനിധി ബോർഡ് സുവർണജൂബിലി ആഘോഷിക്കുന്ന വേളയിൽ എൽ.ഐ.സിയുമായി ചേർന്ന് തൊഴിലാളികൾക്കായി പുതിയ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങുന്നത്.
ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് സ്വാഭാവികമോ, അസ്വാഭാവികമായോ ഉള്ള മരണം സംഭവിച്ചാൽ ഇൻഷുറൻസ് കവറേജായി ഒരു ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണിത്. ബോർഡിന് അധികസാമ്പത്തികബാധ്യത വരാത്തവിധമാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.
പദ്ധതികൾ കൃത്യമായി തൊഴിലാളികൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണം. അറിവില്ലായ്മ മൂലം അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാതിരിക്കാൻ നല്ല നിലയിൽ ബോധവത്കരണം നടത്തണം. പല കാര്യത്തിലും കേരളം രാജ്യത്തിനാകെ മാതൃകയാണ്. തൊഴിൽമേഖലയിൽ ഇത് ദൃശ്യമാണ്. മെച്ചപ്പെട്ട തൊഴിലാളി-തൊഴിലുടമാ ബന്ധം രൂപപ്പെടുത്താൻ പുതിയ തൊഴിൽ നയത്തിന് രൂപം നൽകാനുമായി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, തൊഴിൽ സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതിനും അഭിമാനകരമായ നേട്ടങ്ങളാണുണ്ടായത്. കേരളത്തെ തൊഴിൽസൗഹൃദവും നിക്ഷേപസൗഹൃദവുമാക്കുന്നതിൽ എല്ലാവരുടേയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുവനീർ പ്രകാശനവും, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ടിൽ കാലതാമസമില്ലാതെ ലഭ്യമാക്കാനുള്ള ഡി.ബി.റ്റി സംവിധാനത്തിന്റെ ഉദ്ഘാടനവും, പുതിയ ലൈഫ് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും ബോർഡ് മുൻ ചെയർമാൻമാരെ ആദരിക്കലും മുഖ്യമന്ത്രി നിർവഹിച്ചു.
ചടങ്ങിൽ തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് പഠിക്കുന്ന കുട്ടികൾക്കുള്ള ലാപ്‌ടോപ് വിതരണവും അദ്ദേഹം നിർവഹിച്ചു. എല്ലാ ക്ഷേമനിധി പെൻഷനുകളും സർക്കാർ വർധിപ്പിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രായാധിക്യം മൂലം വിരമിച്ച ചെത്ത് തൊഴിലാളികളിൽ ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സേവനകാലമുള്ളവർക്കുള്ള പാരിതോഷിക വിതരണം ധനമന്ത്രി ഡോ: ടി.എം തോമസ് ഐസക് നിർവഹിച്ചു. തൊഴിലാളികളുടെ മക്കളിൽ 2019ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവർക്കുള്ള സ്വർണമെഡൽ, ക്യാഷ് അവാർഡ് എന്നിവയുടെ വിതരണം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
മുൻ ബോർഡ് ചെയർമാൻ കെ.എം സുധാകരൻ, ബോർഡ് ഡയറക്ടർ എൻ. അഴകേഴൻ, ഡയറക്ടർമാരായ ബേബികുമാരൻ, ഷാജി തോമസ്, ടി.എൻ രമേശൻ, കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.കെ. അജിത് ബാബു, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.പി തങ്കച്ചൻ തുടങ്ങിയവർ സംബന്ധിച്ചു.