നഷ്ടപ്പെടലുകളിൽ വ്യാകുലപ്പെടാതെ പത്രപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു എം. എസ്. മണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ളബിൽ സംഘടിപ്പിച്ച എം. എസ്. മണി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്വാതന്ത്ര്യത്തിന് മുമ്പാണ് നാടുകടത്തപ്പെട്ടത്. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ റെയ്ഡ് നേരിട്ട, പത്രം ഓഫീസിൽ വീട്ടു തടങ്കലിലെന്നപോലെ കഴിയേണ്ടിവന്ന, വാർത്തയെഴുതിയതിന്റെ പേരിൽ പത്രാധിപസ്ഥാനം വിടേണ്ടി വന്ന പത്രാധിപരാണ് എം. എസ്. മണിയെന്ന് അധികം പേർക്ക് അറിയില്ല.
മലയാളത്തിൽ സങ്കൽപം മാത്രമായിരുന്ന അന്വേഷണാത്മക പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചത് എം. എസ്. മണിയായിരുന്നു. കാട്ടുകള്ളൻമാർ എന്ന പേരിൽ പഴുതുകളടച്ചുള്ള റിപ്പോർട്ട് അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇത് അധികാരത്തിന്റെ ഇടനാഴികളിൽ ഞെട്ടലുണ്ടാക്കി. അധികാരത്തിന്റെ പ്രതികാരബോധം ചീറിയെത്തി. തലസ്ഥാനത്തിന്റെ പത്രം എന്നറിയപ്പെടുന്ന കേരള കൗമുദിയുടെ പത്രാധിപർക്ക് ദുസ്ഥിതി നേരിടേണ്ടി വന്നു.
മൂല്യങ്ങളിൽ അധിഷ്ഠിതമായ പത്രപ്രവർത്തനവും പത്രനടത്തിപ്പും ഒരുപോലെ കൊണ്ടുപോയ വ്യക്തിയായിരുന്നു എം. എസ്. മണിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പത്രാധിപർ ഉടമയാകുമ്പോൾ മൂല്യങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ എം. എസ്. മണി അതിന് തയ്യാറായില്ല. പത്രാധിപർ എന്ന നിലയിൽ പുതുതലമുറയ്ക്ക് വലിയ സ്വാതന്ത്ര്യം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.
എം. എസ്. മണിയുടെ സംഭാവനകൾ കേരളകൗമുദിയിൽ മാത്രം ഒതുങ്ങുന്നതല്ല, അത് മലയാള പത്രപ്രവർത്തനത്തിനാകെ ഗുണമുണ്ടാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം. എൽ. എമാരായ സി. ദിവാകരൻ, ഒ. രാജഗോപാൽ, മുൻ സ്പീക്കർ വി. എം. സുധീരൻ, നീലലോഹിതദാസൻ നാടാർ, മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ്. ബാബു എന്നിവർ സന്നിഹിതരായിരുന്നു. കെ. യു. ഡബ്ള്യു. ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. ആർ. കിരൺബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു.