* നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആധുനിക മന്ദിരവും അമിനിറ്റി സെന്ററും

* ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വിപുലമായ ഡയാലിസിസ് സെൻററിന്റെയും നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വികസനത്തിന്റെ നേർചിത്രമാണ് ഈ പദ്ധതികളിലൂടെ കാണാനാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.
നിലവിൽ ആറ് ഡയാലിസിസ് യൂണിറ്റുകളാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഉണ്ടായിരുന്നത്. പുതുതായി എം.എൽ.എ ഫണ്ടുപയോഗിച്ച് 14 യൂണിറ്റും കാരുണ്യ ബെനവലന്റ് ഫണ്ടുപയോഗിച്ച് 10 യൂണിറ്റും ചേർന്ന് 24 യൂണിറ്റ് കൂടെ വരുന്നതോടെ ഒരേ സമയം 30 പേർക്ക് ഡയാലിസിസ് നടത്താൻ കഴിയും. രണ്ടു കോടി 80 ലക്ഷം രൂപയാണ് ഡയാലിസിസ് യൂണിറ്റിന് ചെലവായത്. സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററാണിത്.

എം.എൽ.എ ഫണ്ടുപയോഗിച്ചും കെ.എച്ച്.ആർ.ഡബ്ലിയു.എസ് ഫണ്ടുപയോഗിച്ചുമുള്ള രണ്ട് പേവാർഡ് കെട്ടിടങ്ങളുടെ പണി പുരോഗമിക്കുകയാണ് . ആധുനിക സി.ടി സ്‌കാൻ സൗകര്യം ആശുപത്രിയിൽ ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. അതോടൊപ്പം എം.എൽ.എ ഫണ്ടിൽ നിന്നും 93 ലക്ഷം രൂപ കൂടി വിനിയോഗിച്ചാണ് 26,000 ചതുരശ്ര അടിയിൽ പുതിയ കെട്ടിടം നിർമിച്ചത്.

ആധുനിക നിലവാരത്തിൽ ഹൈടെക്ക് ക്ലാസ് മുറികളാണ് പണിതത്. വലിയ കിച്ചനും കുട്ടികൾക്ക് പ്രഭാത, ഉച്ചഭക്ഷണം കഴിക്കാൻ സൗകര്യവും അമിനിറ്റി സെന്ററിൽ ഒരുക്കിയിട്ടുണ്ട്.

കെ. ആൻസലൻ എം.എൽ.എ സ്വാഗതം പറഞ്ഞു. സി. കെ. ഹരീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്‌സൻ ഡബ്ലിയു.ആർ. ഹീബ, ജില്ലാ പഞ്ചായത്തംഗം ബെൻ ഡാർവിൻ, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.