*നവകേരള നിർമ്മിതിയിൽ നാടകങ്ങൾക്ക് സജീവമായ പങ്ക് വഹിക്കാൻ സാധിക്കും: മന്ത്രി ഇ.പി.ജയരാജൻ
നവകേരള നിർമ്മിതിയിൽ നാടകങ്ങൾക്ക് സജീവമായ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ അഭിപ്രായപ്പെട്ടു. സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന നാടകോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സാമൂഹിക വിമർശനത്തിനും തിരുത്തൽ ശക്തിയാകാനും നാടകവേദിക്കുസാധിക്കുമെന്ന് മന്ത്രി പറഞ്ഞു. നാടകത്തെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനായി സംസ്ഥാന സർക്കാർ സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ സജീവമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.
കേന്ദ്ര കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിച്ച ദേശീയ യുവജനോത്സവത്തിൽ വിജയികളായവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
ഫെസ്റ്റിവൽ ഡയറക്ടർ പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജറോം, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു, കരമന ഹരി, സന്തോഷ് കാല, മിനിമോൾ എബ്രഹാം, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നായി പതിനാല് ടീമുകൾ മത്സര ഇനത്തിലും ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പറയാൻ മറന്ന കഥകൾ നാടകവും രണ്ട് ദിവസങ്ങളിലായി നടക്കും. ടാഗോർ തിയറ്ററിൽ നടക്കുന്ന നാടകോത്സവം ഇന്ന് സമാപിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.