കേരള സംസ്ഥാന യൂവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടന്നു വന്ന നാടകോൽസവം സമാപിച്ചു. സമാപന സമ്മേളനം സഹകരണം ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ മലയാള നാടകവേദി നൽകിയത് മഹത്തായ സംഭാവനയാണെന്നും ഇടക്കാലത്ത് നാടകവേദി തിരിച്ചടികളെ നേരിട്ടെങ്കിലും ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഭാരത് ഭവൻ ഡയറക്ടർ പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. നാടക ചലച്ചിത്ര നടൻ പ്രേംകുമാർ, യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല, യുവജന ക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, ജില്ലാ കോ-ഓർഡിനേറ്റർ എം.എം. അൻസാരി എന്നിവർ സംസാരിച്ചു. യുവജന ബോർഡ് വൈസ് ചെയർമാൻ പി. ബിജു സ്വാഗതവും കൃഷ്ണൻ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
തൃശൂർ ദേശാഭിമാനി കലാകായിക സാംസ്കാരികവേദി അവതരിപ്പിച്ച ലിബ് എന്ന നാടകം ഒന്നാം സ്ഥാനവും മലപ്പുറം ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്ററിന്റെ കെന്റോണിയൻസ് രണ്ടാം സ്ഥാനവും തിരുവനന്തപുരം ആപ്റ്റ് പെർഫോമൻസ് ഓഫ് റിസർച്ചിന്റെ പെറ്റ്സ് ഓഫ് അനാർക്കി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പതിനാല് ജില്ലകളിൽ നിന്നായി പതിനാല് ടീമുകൾ മൽസര ഇനത്തിലും ട്രാൻസ് ജന്റർ വിഭാഗത്തിന്റെ ‘പറയാൻ മറന്ന കഥകൾ’ എന്ന നാടകവും അവതരിപ്പിക്കപ്പെട്ടു.