ഇടുക്കി: കോടിക്കുളം നെടുമറ്റം ഗവ. യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ശാസ്ത്രലാബ് കെട്ടിടത്തിന്റെയും മെസ്-കം അസംബ്ലി ഹാളിന്റെയും ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. ചടങ്ങില്‍ പി.ജെ.ജോസഫ് എം.എല്‍.എ. അധ്യക്ഷനായി.  മികവിന്റെ കേന്ദ്രം പദ്ധതിയില്‍ പ്രകാരം ലഭിച്ച 70 ലക്ഷം രൂപ ചെലവഴിച്ച് ലാബ് കെട്ടിടത്തിന്റെയും  25 ലക്ഷം രൂപ ചെലവഴിച്ചാണ് മെസ്-കം അസംബ്ലി ഹാളിന്റേയും നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ആന്റണി സ്വാഗതം പറഞ്ഞു.  വൈസ് പ്രസിഡന്റ് ജോസ് മാഞ്ചേരില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാജു മാത്യു, ബിന്ദു പ്രസന്നന്‍, ഹെഡ്മിസ്ട്രസ് മോളി.ടി.ബി., പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ജയന്‍ കുന്നുംപുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂളിലെ ശാസ്ത്രലാബ്, ഗണിതലാബ് എന്നിവയ്ക്കുവേണ്ടി സ്‌കൂള്‍ തയ്യാറാക്കിയ കൈത്തിരി, വെളിച്ചം എന്നീ പ്രവര്‍ത്തന പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം ഡയറ്റ് പ്രിന്‍സിപ്പല്‍ സോമരാജന്‍ നിര്‍വഹിച്ചു.  സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും  ദേശീയ നീന്തല്‍ താരവുമായ ബേബി വര്‍ഗീസിനെ ജില്ലാ പഞ്ചായത്തംഗം മനോജ് തങ്കപ്പന്‍ ആദരിച്ചു.

സ്‌കൂളിന്റെ 108-ാമത് വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃസംഗമവും സ്‌കൂളിന്റെ സമ്പൂര്‍ണ്ണ ഹൈടെക് പ്രഖ്യാപനവും പ്രതിഭകളെ ആദരിക്കലും ഇതോടൊപ്പം നടത്തി. സ്‌കൂളിന്റെ 2020-21 വര്‍ഷത്തെ അക്കാദമിക കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകന്‍ കെ.പി ചന്ദ്രന്് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

സജ്ജമാക്കിയിരിക്കുന്നത് ഹൈടെക് ലാബ്

ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഹൈടെക് ലാബാണ് നെടുമറ്റം ഗവ. യു.പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയിരുന്നത്.  1 മുതല്‍ 7വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ്, കണക്ക് എന്നീ വിഷയങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ പരീക്ഷണ വസ്തുക്കള്‍, ഉപകരണങ്ങള്‍ കളികള്‍ക്കുള്ള പസ്സില്‍സ്, ഗെയിംസ് സൗകര്യങ്ങളും ലാബില്‍ തയ്യാറാക്കിയിട്ടുണ്ട്.  സോഷ്യല്‍ സയന്‍സ് പഠന ഉപകരണങ്ങളും അതോടൊപ്പം സയന്‍സിനായി ‘കൈത്തിരി’, കണക്ക് പഠനത്തിനായി ‘വെളിച്ചം’ എന്നീ പേരുകളില്‍ പ്രവര്‍ത്തന പുസ്തകങ്ങളുമുണ്ട്. സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്ന കെ.എസ്. റംലയുടെ നേതൃത്വത്തിലാണിത് തയ്യാറാക്കിയത്. ഐ.ടി. ലാബില്‍ 18 കമ്പ്യൂട്ടറുകളും ഡെസ്‌ക്‌ടോപ് ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. യു.പി. ക്ലാസിലെ കുട്ടികള്‍ക്ക് ഹാര്‍ഡ് വെയര്‍ അസംബ്‌ളിംങ് പഠനത്തിനായി മറ്റ് പുസ്തകങ്ങള്‍ കൂടാതെ ഇവിടെത്തന്നെ തയ്യാറാക്കിയ ഇ- ലേണ്‍ ടെക്സ്റ്റും ഉണ്ട്.

കണക്കിനും സയന്‍സിനും പ്രിന്റ് ചെയ്ത് കൊടുത്ത ലാബ് റെക്കോഡ് എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കിക്കഴിഞ്ഞു. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ലാബില്‍, വയറിങ്, പ്ലബ്ബിങ് എന്നിവക്കുള്ള പരിശീലനവും സ്‌കൂളില്‍ നല്‍കുന്നുണ്ട്. ടാലന്റ് ലാബില്‍ നിന്നും തായ്‌ക്കൊണ്ടോ, ചെണ്ട, നീന്തല്‍, സൈക്ലിംങ്, നാടകം, പാട്ട്, ഡാന്‍സ് എന്നിവക്കുള്ള പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കും. പുതുതായി നിര്‍മിച്ച മെസ്-കം അസംബ്ലി ഹാളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതോടൊപ്പം അസംബ്ലിക്കുള്ള സൗകര്യവുമുണ്ട്.